നായകനും വില്ലനും ഒ​ഗ്ബചെ തന്നെ; ബ്ലാസ്റ്റേഴ്സിന് തോൽവി; പ്ലേയോഫ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പുർ എഫ്സി പരാജയപ്പെടുത്തിയത്
നായകനും വില്ലനും ഒ​ഗ്ബചെ തന്നെ; ബ്ലാസ്റ്റേഴ്സിന് തോൽവി; പ്ലേയോഫ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി

ജംഷഡ്പുർ: കേരള ബ്ലാസ്റ്റേഴ്സിന്റെ ​ഇന്ത്യൻ സൂപ്പർ ലീ​ഗ് പ്ലേയോഫ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പുർ എഫ്സി പരാജയപ്പെടുത്തിയത്. നടകീയ മത്സരത്തിനൊടുവിലാണ് ബ്ലാസ്റ്റേഴ്സ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. കളിയുടെ 50ാം മിനുട്ടിൽ അബ്​ദുൽ ഹക്കു ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.  

സമനിലയെങ്കിലും സ്വന്തമാക്കാമായിരുന്ന മത്സരത്തിൽ ക്യാപ്റ്റൻ ഒഗ്ബചെയുടെ സെൽഫ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒഗ്ബചെയും മെസ്സി ബൗളിയുമാണ് ഗോളടിച്ചത്. ജംഷഡ്പുരിന്റെ ഗോളുകൾ നേടിയത് അകോസ്റ്റയും സെർജിയോ കാസ്റ്റലുമായിരുന്നു.

11ാം മിനുട്ടിൽ മെസ്സി ബൗളിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടുന്നത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ബ്ലാസ്റ്റേഴ്സ് ഗോളടിച്ചത്. പിന്നീട് സമനില ഗോൾ നേടാൻ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു ജംഷഡ്പുർ. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ അവർ സമനിലയും പിടിച്ചു. അകോസ്റ്റയായിരുന്നു സ്കോറർ.

ആദ്യ പകുതി സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ ഗോളടിക്കാൻ ഇരു ടീമുകളും ശ്രമിച്ചു കൊണ്ടേയിരുന്നു. ഒഗ്ബചെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ജെസ്സലായിരുന്നു ഒഗ്ബചെയുടെ ഗോളിന് വഴിയൊരുക്കിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് അധിക‌ സമയം നിന്നില്ല. മെസ്സിയുടെ ഹാന്റ് ബോൾ ജെംഷദ്പൂരിന് പെനാൽറ്റി സമ്മാനിച്ചു. ഷോട്ടെടുത്ത സെർജിയോ കാസ്റ്റെല്ലിന് പിഴച്ചില്ല.

കളി സമനിലയിൽ അവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലിനിടെയാണ് ഒഗ്ബചെയുടെ സെൽഫ് ഗോൾ 87ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ജയ പ്രതീക്ഷ ഇല്ലാതാക്കിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് ജംഷഡ്പുർ അക്രമണനിര ഇരച്ച് കയറി. പ്രതിരോധത്തിലെ കൺഫ്യൂഷനിടെ സ്വന്തം വലയിലേക്ക് ക്യാപ്റ്റൻ ഒഗ്ബചെ പന്ത് കയറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com