തോറ്റമ്പി കേരളം ; രണ്ടാമിന്നിംഗ്‌സില്‍ 82 റണ്‍സിന് പുറത്ത് ; രാജസ്ഥാനോട് തോറ്റത്  ഇന്നിങ്‌സിനും 96 റണ്‍സിനും

സീസണിലെ നാലാം മത്സരവും തോറ്റതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത പൂര്‍ണമായും അടഞ്ഞു
തോറ്റമ്പി കേരളം ; രണ്ടാമിന്നിംഗ്‌സില്‍ 82 റണ്‍സിന് പുറത്ത് ; രാജസ്ഥാനോട് തോറ്റത്  ഇന്നിങ്‌സിനും 96 റണ്‍സിനും

തിരുവനന്തപുരം  :  രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ദയനീയ തോല്‍വി. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ രാജസ്ഥാനെതിരെ ഇന്നിങ്‌സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്. ബാറ്റിങ്ങില്‍ സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തിലേക്കുപോലും ഉയരാതിരുന്ന കേരള താരങ്ങള്‍, ഒന്നര ദിവസത്തിനിടെ ദയനീയ തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു. ഒന്നര ദിവസം മാത്രമാണ് മല്‍സരം നീണ്ടുനിന്നത്.

178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളത്തിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് മാത്രമാണ് നേടാനായത്. 49 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന് പുറമേ, 14 റണ്‍സെടുത്ത ജലജ് സക്‌സേന, 11 റണ്‍സെടുത്ത വിഷ്ണു വിനോദ, 13 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

രോഹന്‍ പ്രേം (16 പന്തില്‍ നാല്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (24 പന്തില്‍ ഒന്‍പത്), അക്ഷയ് ചന്ദ്രന്‍ (11 പന്തില്‍ രണ്ട്), അഭിഷേക് മോഹന്‍ (10 പന്തില്‍ എട്ട്), എം.ഡി. നിധീഷ് (0) എന്നിങ്ങനെയാണ് മറ്റു കേരള താരങ്ങളുടെ പ്രകടനം. കെസി അക്ഷയ് മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു. പരിക്കേറ്റ രോഹന്‍ എസ് കുന്നുമ്മലിന് ബാറ്റു ചെയ്യാനായില്ല.

15.2 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ശുഭം ശര്‍മയാണ് കേരളത്തെ തകര്‍ത്തത്. മഹിപാല്‍ ലോംറോര്‍ രണ്ടും ചന്ദ്രപാല്‍ സിങ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ട് ഇന്നിങ്‌സിലുമായി ശുഭം ശര്‍മ 11 വിക്കറ്റാണ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ കേരളത്തിന് ഈ സീസണില്‍ പഞ്ചാബിനെതിരെ മാത്രമാണ് ജയിക്കാനായത്.

ആദ്യ മത്സരത്തില്‍ ഡല്‍ഹിയോടു സമനില വഴങ്ങിയ കേരളം പിന്നീട് ഗുജറാത്തിനോടും ഹൈദരാബാദിനോടും അവരുടെ തട്ടകത്തിലും ബംഗാളിനോട് സ്വന്തം തട്ടകത്തിലും തോറ്റു. സീസണിലെ നാലാം മത്സരവും തോറ്റതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത പൂര്‍ണമായും അടഞ്ഞു. ഇന്ത്യ എ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍, സന്ദീപ് വാരിയര്‍, പരുക്കേറ്റ റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി എന്നിവരെ കൂടാതെയാണ് നിര്‍ണായക മത്സരത്തില്‍ കേരളം കളത്തിലിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com