പതിവ് തെറ്റിക്കാതെ കേരളം, രണ്ടാം ഇന്നിങ്‌സിലും തകരുന്നു; തോല്‍വി മുന്‍പില്‍

ഓപ്പണിങ്ങില്‍ കേരളം പരീക്ഷിച്ച വിഷ്ണു വിനോദ്-റോഷന്‍ പ്രേം കൂട്ടുകെട്ട് രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടു
പതിവ് തെറ്റിക്കാതെ കേരളം, രണ്ടാം ഇന്നിങ്‌സിലും തകരുന്നു; തോല്‍വി മുന്‍പില്‍

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബാറ്റിങ്ങില്‍ കേരളം വീണ്ടും നിരാശപ്പെടുത്തുന്നു. രാജസ്ഥാനെതിരായ കളിയില്‍ ഒന്നാം ഇന്നിങ്‌സില്‍ 90 റണ്‍സിന് പുറത്തായ കേരളം, രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ചയുടെ വക്കില്‍. 55 റണ്‍സിലേക്ക് ടീം സ്‌കോര്‍ എത്തിയപ്പോഴേക്കും 5 കേരള താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങി. 

സ്‌കോര്‍ 55 റണ്‍സില്‍ നില്‍ക്കെ രണ്ട് വിക്കറ്റാണ് തുടരെ കേരളത്തിന് നഷ്ടമായത്. 18 റണ്‍സ് എടുത്ത സച്ചിന്‍ ബേബിയും, 9 റണ്‍സ് എടുത്ത അസ്ഹറുദ്ധീനുമാണ് തുടരെ കൂടാരം കയറിയത്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി കേരളത്തെ തകര്‍ത്ത എസ് കെ ശര്‍മ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും വില്ലനാവുന്നത്. 

ഓപ്പണിങ്ങില്‍ കേരളം പരീക്ഷിച്ച വിഷ്ണു വിനോദ്-റോഷന്‍ പ്രേം കൂട്ടുകെട്ട് രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടു. റോഷന്‍ പ്രേം നാല് റണ്‍സ് എടുത്തും, വിഷ്ണു വിനോദ് 11 റണ്‍സിനും പുറത്തായി. ബാറ്റിങ് പൊസിഷനില്‍ സ്ഥാനകയറ്റം കിട്ടിയ സല്‍മാന്‍ നിസാര്‍ 13 റണ്‍സ് എടുത്ത് മടങ്ങി. 

20 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്നാണ് കേരളത്തിന്റെ സ്‌കോര്‍. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് ഇനി 132 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തെ തകര്‍ത്തിട്ട രാജസ്ഥാന്‍ വൈ ബി കോത്താരിയുടേയും, ആര്‍ കെ ബിഷ്‌നോയിയുടേയും മികവില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. 

ബിഷ്‌നോയി 67 റണ്‍സും, വൈ ബി കോത്താരി 92 റണ്‍സും നേടി. 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് തീര്‍ത്തത്. പിന്നാലെ അശോക് മെനാറിയക്കൊപ്പം 53 റണ്‍സിന്റേയും എ ആര്‍ ഗുപ്തയ്‌ക്കൊപ്പം 47 റണ്‍സിന്റേയും കൂട്ടുകെട്ട് വൈ ബി കോത്താരി തീര്‍ത്തു. 

ആറ് റണ്‍സ് കണ്ടെത്തുന്നതിന് ഇടയില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നാണ് രാജസ്ഥാന്‍ പിടിച്ചു കയറിയത്. രണ്ടാം ഇന്നിങ്‌സില്‍ കേരള ബാറ്റ്‌സ്മാന്മാര്‍ പിടിച്ചു നിന്ന് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയില്ലെങ്കില്‍ സീസണിലെ രണ്ടാം ജയം എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com