കളിക്കൂട്ടുകാരനെ വെല്ലുവിളിച്ച് സച്ചിന്‍ ; ഒരാഴ്ച സമയം തരാമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

80 മുതല്‍ ലോകകപ്പ് കളിച്ച താരങ്ങളുടെ പേര് ഉപയോഗിച്ചാണ് പാട്ടുപാടിയിരിക്കുന്നത്
കളിക്കൂട്ടുകാരനെ വെല്ലുവിളിച്ച് സച്ചിന്‍ ; ഒരാഴ്ച സമയം തരാമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

മുംബൈ : ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയും സ്‌കൂള്‍ കാലഘട്ടം മുതലേയുള്ള സുഹൃത്തുക്കളാണ്. 1988 ല്‍ ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിന് വേണ്ടി ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ചരിത്ര ഇന്നിംഗ്‌സിലൂടെയാണ് രാജ്യം, സച്ചിന്‍, കാംബ്ലി എന്നീ കൗമാരക്രിക്കറ്റര്‍മാരെ ശ്രദ്ധിക്കുന്നത്.

പിന്നീട് ആഭ്യന്തര, അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇരുവരും പാഡണിഞ്ഞു. സച്ചിന്‍ ക്രിക്കറ്റിലെ മഹാനായ കളിക്കാരനായി വളര്‍ന്നപ്പോള്‍, വിനോദ് കാംബ്ലിയ്ക്ക് പ്രതിഭയ്‌ക്കൊത്ത വിധത്തില്‍ അന്താരാഷ്ട്ര കരിയറില്‍ നിലയുറപ്പിക്കാനായിരുന്നില്ല. കളിക്കൂട്ടുകാരനായ കാംബ്ലിക്ക് മുന്നില്‍ പുതിയൊരു വെല്ലുവിളി നല്‍കിയിരിക്കുകയാണ് സച്ചിന്‍ ഇപ്പോള്‍.

2017ല്‍ ലോകകപ്പ് കളിച്ച താരങ്ങള്‍ക്കുള്ള സമര്‍പ്പണമായി ഗായകന്‍ സോനു നിഗത്തിനൊപ്പം സച്ചിന്‍ പാടിയ ക്രിക്കറ്റ് വാലി ബീറ്റിന്റെ റാപ് പതിപ്പ് പാടാനാണ് സച്ചിന്‍ കാംബ്ലിയെ വെല്ലുവിളിച്ചത്. ഒരാഴ്ച സമയം തരാമെന്നും അതിനുള്ളില്‍ പാടി കേള്‍പ്പിക്കാനുമാണ് സച്ചിന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പാടിക്കേള്‍പ്പിച്ചില്ലെങ്കില്‍ തനിക്ക് പ്രത്യേക സമ്മാനം നല്‍കേണ്ടി വരുമെന്നും സച്ചിന്‍ സൂചിപ്പിച്ചിട്ടുണ്ട്.

80 മുതല്‍ ലോകകപ്പ് കളിച്ച താരങ്ങളുടെ പേര് ഉപയോഗിച്ചാണ് പാട്ടുപാടിയിരിക്കുന്നത്. വലിയ വെല്ലുവിളി എന്നാണ് സച്ചിന്റെ ചലഞ്ചിനോട് കാംബ്ലി പ്രതികരിച്ചത്.


ജനുവരി 18 നായിരുന്നു കാംബ്ലിയുടെ ജന്മദിനം. കാംബ്ലി മികച്ച ഗായകനാണെന്ന് ജന്മദിന സന്ദേശത്തില്‍ സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ കാംബ്ലി നല്ല ഗായകനും നര്‍ത്തകനുമായിരുന്നു എന്നാണ് സച്ചിന്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com