'തുടര്‍ച്ചയായ പരാജയങ്ങള്‍'; സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി, ജലജ് സക്‌സേന കേരളത്തെ നയിക്കും

തരംതാഴ്ത്തല്‍ ഭീഷണിയില്‍ നില്‍ക്കുന്ന കേരള രഞ്ജി ടീമില്‍ നായകനെ മാറ്റി സെലക്ഷന്‍ കമ്മിറ്റിയുടെ പരീക്ഷണം
'തുടര്‍ച്ചയായ പരാജയങ്ങള്‍'; സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി, ജലജ് സക്‌സേന കേരളത്തെ നയിക്കും

തിരുവനന്തപുരം: തരംതാഴ്ത്തല്‍ ഭീഷണിയില്‍ നില്‍ക്കുന്ന കേരള രഞ്ജി ടീമില്‍ നായകനെ മാറ്റി സെലക്ഷന്‍ കമ്മിറ്റിയുടെ പരീക്ഷണം.ആന്ധ്രാ
പ്രദേശിനെതിരായ രഞ്ജി മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരളത്തെ നയിക്കുക. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സച്ചിന്‍ ബേബിയെ നായകസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെട്ടതാണ് സച്ചിന് വിനയായത്.

27നാണ് കേരളത്തിന്റെ മത്സരം. പതിനഞ്ചംഗ ടീമില്‍ സച്ചിന്‍ തുടരും.രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യ റൗണ്ടില്‍ പുറത്തായി എലീറ്റ് ഗ്രൂപ്പില്‍ തരംതാഴ്ത്തല്‍ വക്കിലാണ്.സിജോമോന്‍ ജോസഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജസ്ഥാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലെ പരാജയത്തിനു ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റെടുക്കുന്നതായി സച്ചിന്‍ ബേബി പറഞ്ഞിരുന്നു. രഞ്ജി ട്രോഫിയില്‍ കേരളത്തിനെ ആദ്യമായി സെമിഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് സച്ചിന്‍ ബേബി. കഴിഞ്ഞ സീസണില്‍ ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു കേരളത്തിന്റെ സെമിഫൈനല്‍ പ്രവേശത്തിന് പ്രധാനപങ്ക് വഹിച്ചത്.

അതേ സമയം കഴിഞ്ഞ മത്സരങ്ങളില്‍ കേരള ടീമിനൊപ്പം ഇല്ലാതിരുന്ന റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി, പി രാഹുല്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനം നടത്തുന്ന സഞ്ജു സാംസണ്‍, സന്ദീപ് വാര്യര്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. കേരളത്തിന് ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. തരം താഴ്ത്തലില്‍ നിന്ന് ഒഴിവാകണമെങ്കില്‍ വരുന്ന മത്സരങ്ങളില്‍ കേരളത്തിന് ജയിച്ചെ മതിയാവൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com