സഞ്ജു 21 പന്തില്‍ 39 റണ്‍സ്, പൃഥ്വി ഷാ 38 പന്തില്‍ 48; ഇരുവരും കസറിയ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മിന്നുന്ന ജയം

മികച്ച ഫോമില്‍ തുടരുന്ന പൃഥ്വി ഷായുടെയും മലയാളി താരം സഞ്ജു വി സാംസണിന്റെയും മികവില്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെയുളള മത്സരത്തില്‍ ഇന്ത്യ എ ടീമിന് മിന്നുന്ന ജയം
സഞ്ജു 21 പന്തില്‍ 39 റണ്‍സ്, പൃഥ്വി ഷാ 38 പന്തില്‍ 48; ഇരുവരും കസറിയ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മിന്നുന്ന ജയം

വെല്ലിംഗ്ടണ്‍: മികച്ച ഫോമില്‍ തുടരുന്ന പൃഥ്വി ഷായുടെയും മലയാളി താരം സഞ്ജു വി സാംസണിന്റെയും മികവില്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെയുളള മത്സരത്തില്‍ ഇന്ത്യ എ ടീമിന് മിന്നുന്ന ജയം. 20 വയസ്സുകാരനായ പൃഥ്വി ഷാ കേവലം 38 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍, 21 പന്തില്‍ 39 റണ്‍സ് അടിച്ചെടുത്ത് സഞ്ജുവും ഒരേ പോലെ തിളങ്ങി. സൂര്യകുമാര്‍ യാദവും ന്യൂസിലന്‍ഡ് ബൗളര്‍മാരെ നിലംപരിശാക്കിയപ്പോള്‍, 20 ഓവര്‍ അവശേഷിക്കേ ഇന്ത്യ ലക്ഷ്യം കണ്ടു.

ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് എ ടീം നിശ്ചിത ഓവറിന് ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കേ 230 റണ്‍സിന് ഓള്‍ഔട്ടായി. 6.3 ഓവറില്‍ കേവലം 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവുമധികം തിളങ്ങിയത്. ഖലീല്‍ അഹമ്മദും അക്‌സര്‍ പട്ടേലും രണ്ടുവീതം വിക്കറ്റുകള്‍ നേടി. 58 പന്തില്‍ 49 റണ്‍സ് നേടിയ ഓപ്പണര്‍ ആര്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടോം ബ്രൂസ് 47 പന്തില്‍ 55 റണ്‍സും നേടി. ഇരുവരുടെയും പ്രകടനമാണ് മാന്യമായ സ്‌കോറില്‍ ന്യൂസിലന്‍ഡിനെ എത്തിച്ചത്.

തുടര്‍ന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യ എ ടീം തുടക്കം മുതല്‍ തന്നെ ആക്രമണോത്സുകത നിറഞ്ഞ ബാറ്റിങ്ങാണ് കാഴ്ച വെച്ചത്.ഓപ്പണര്‍മാരായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ആദ്യ ഒന്‍പതു ഓവറില്‍ തന്നെ 79 റണ്‍സ് അടിച്ചുകൂട്ടി. മായങ്ക് അഗര്‍വാള്‍ 29 റണ്‍സ് നേടി പൃഥ്വി ഷായ്ക്ക് മികച്ച പിന്തുണ നല്‍കി. 3 സിക്‌സും അഞ്ചു ബൗണ്ടറികളും അടങ്ങുന്നതാണ് പൃഥ്വി ഷായുടെ ഇന്നിംഗ്‌സ്.

ടീം സ്‌കോര്‍ 79 റണ്‍സില്‍ എത്തിനില്‍ക്കേയാണ് പൃഥ്വി ഷായെ നഷ്ടപ്പെട്ടത്. തുടര്‍ന്ന രണ്ട് സിക്‌സുകളുടെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ 39 റണ്‍സ് നേടിയ സഞ്ജുവും ക്യാപ്റ്റന്‍ സ്‌നബ്മാന്‍ ഗില്ലും, സൂര്യകുമാര്‍ യാദവും ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. 29.3 ഓവറില്‍ അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കേയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്.

ന്യൂസിലന്‍ഡ് പര്യടനത്തിനുളള ട്വിന്റി 20 ടീമില്‍ സഞ്ജുവും ഏകദിന ടീമില്‍ പൃഥ്വി ഷായും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിന് വേണ്ടിയുളള പ്രകടനം ഇരുവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com