കൊച്ചിയില്‍ സ്‌പോര്‍ട്‌സ് സിറ്റിയുമായി ഒളിംപ്യന്‍ ശ്രീജേഷ്; ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ

ആദ്യഘട്ടത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട്, 4000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യം, റോളര്‍സ്‌കേറ്റിങ്ങ് പിച്ച്, റോള്‍ ബോള്‍ കോര്‍ട്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഓപ്പണ്‍ യോഗ കോര്‍ട്ട് തുടങ്ങിയ  സൗകര്യങ്ങള്‍
കൊച്ചിയില്‍ സ്‌പോര്‍ട്‌സ് സിറ്റിയുമായി ഒളിംപ്യന്‍ ശ്രീജേഷ്; ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ

കൊച്ചി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പിആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് സിറ്റി വരുന്നു. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സ്‌പോര്‍ട്‌സ് സിറ്റി ആരംഭിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച നടക്കും. ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യും. 

ഒളിംപ്യന്‍ പി.ആര്‍.ശ്രീജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മുഖ്യാതിഥിയാകും. പദ്ധതിയുടെ  ആദ്യഘട്ടത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട്, 4000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യം, റോളര്‍സ്‌കേറ്റിങ്ങ് പിച്ച്, റോള്‍ ബോള്‍ കോര്‍ട്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഓപ്പണ്‍ യോഗ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 10 ഷട്ടില്‍ കോര്‍ട്ടുകള്‍, ഹൈടെക് ജിം, റസ്‌റ്റോറന്റ്, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ഒരുക്കും. 

ജനങ്ങളില്‍ കായിക മേഖലകളോട് ആഭിമുഖ്യം ഉണ്ടാക്കുക എന്നതിനോടൊപ്പം വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിക്കുന്ന പ്രതിഭകളെ വളര്‍ത്തിയെടുക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പി.ആര്‍.ശ്രീജേഷ് പറഞ്ഞു. ഭാവിയില്‍ ഇവിടെ സ്‌പോര്‍ട്‌സ് അക്കാഡമിയും സ്ഥാപിക്കും.ഇതിനായി വിദേശത്തും സ്വദേശത്തു മുള്ള പ്രഗല്‍ഭരായ പരിശീലകരുടെ സേവനം ഉറപ്പാക്കും. കൊച്ചിയുടെയും പ്രത്യേകിച്ച് ഐ.ടി. മേഖലയായ കാക്കനാടിന്റെയും വളര്‍ച്ചയില്‍ നിര്‍ണായമാണ് സ്‌പോര്‍ട്‌സ് സിറ്റിയുടെ വരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്നത്തുനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായ നിസാര്‍ ഇബ്രാഹീമാണ് പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com