രോഹിതും രാഹുലും കോഹ്‌ലിയും മടങ്ങി; വിജയം പിടിക്കാന്‍ ഇന്ത്യ പൊരുതുന്നു

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം
രോഹിതും രാഹുലും കോഹ്‌ലിയും മടങ്ങി; വിജയം പിടിക്കാന്‍ ഇന്ത്യ പൊരുതുന്നു

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ഏഴ് റണ്‍സുമായി ഓപണര്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി കെഎല്‍ രാഹുലും പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് പവലിയനില്‍ തിരിച്ചെത്തിയത്.

204 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 13ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയിലാണ്. 10 റണ്ണുമായി ശ്രേയസ് അയ്യരും 13 റണ്ണുമായി ശിവം ദുബെയുമാണ് ക്രീസില്‍.

രാഹുല്‍ 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 56 റണ്‍സ് കണ്ടെത്തി. കോഹ്‌ലി 32 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 45 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കീവീസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തു. ടെയ്‌ലര്‍, വില്യംസണ്‍, മണ്‍റോ എന്നിവരുടെ അര്‍ധ ശതകങ്ങളാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ 200 കടത്തിയത്.

റണ്‍ ഒഴുകുന്ന ഒക് ലാന്‍ഡിലെ പിച്ചില്‍ 200 റണ്‍സിന് മുകളില്‍ ചെയ്‌സ് ചെയ്യുന്നത് ബുദ്ധിമുട്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുന്‍പില്‍ കണ്ടാണ് കോഹ് ലി ഫീല്‍ഡിങ് തെരഞ്ഞെടുത്തത്. ആദ്യ പവര്‍പ്ലേയില്‍ കീവീസ് ഓപ്പണര്‍മാര്‍ തകര്‍ത്തു കളിച്ചു. അഞ്ച് ഓവറില്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ 50 റണ്‍സ് പിന്നിട്ടു. 10 ഓവറില്‍ നൂറ് റണ്‍സും.

ആദ്യ ഓവറുകളില്‍ ബൂമ്രയും ഷമിയും ഷര്‍ദുലും തല്ലു വാങ്ങിക്കൂട്ടിയപ്പോള്‍ ശിവം ദുബെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. 19 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത് വെടിക്കെട്ടിന് തിരികൊളുത്തി നില്‍ക്കുകയായിരുന്ന ഗപ്റ്റിലിനെ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ രോഹിത് ശര്‍മ കൈക്കലാക്കി.

ഗപ്റ്റില്‍ മടങ്ങിയെങ്കിലും വില്യംസണും മണ്‍റോയും റണ്‍റേറ്റ് താഴ്ത്തിയില്ല. എന്നാല്‍, 11, 12 ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ കളിയിലേക്ക് തിരികെ എത്തി. 59 റണ്‍സ് എടുത്ത് നിന്ന് മണ്‍റോയെ ഷര്‍ദുലും, റണ്‍എടുക്കുന്നതിന് മുന്‍പ് ഗ്രാന്‍ഡ്‌ഹോമിനെ ജഡേജയും മടക്കി.

എന്നാല്‍ വില്യംസണ്‍ വെടിക്കെട്ട് തുടര്‍ന്നു. 26 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തിയാണ് വില്യംസണ്‍ മടങ്ങിയത്. 27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും പറത്തി 54 റണ്‍സ് എടുത്ത് ടെയ്‌ലറും ടീം ടോട്ടല്‍ 200 കടന്നെന്ന് ഉറപ്പാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com