കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്‍ ആരാണ്? കോഹ് ലിയെ വെട്ടിയ ഒന്നാമന്‍

രാജ്യാന്തര ക്രിക്കറ്റ് ടീമുകളെ നയിക്കുക എന്നത് ചില്ലറ കാര്യമല്ല. ഒരു നീക്കം പാളിയാല്‍ കാത്തിരിക്കുന്നത് വിമര്‍ശനങ്ങളുടെ കൂരമ്പുകളാവും
കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്‍ ആരാണ്? കോഹ് ലിയെ വെട്ടിയ ഒന്നാമന്‍

ളിക്കളത്തിനകത്തും പുറത്തും നിന്നുള്ള സമ്മര്‍ദങ്ങളെ അതിജീവിക്കുക...രാജ്യാന്തര ക്രിക്കറ്റ് ടീമുകളെ നയിക്കുക എന്നത് ചില്ലറ കാര്യമല്ലെന്ന് വ്യക്തം. ഒരു നീക്കം പാളിയാല്‍ കാത്തിരിക്കുന്നത് വിമര്‍ശനങ്ങളുടെ കൂരമ്പുകളാവും. ഇങ്ങനെ, നായകനെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിനെ നയിക്കുന്ന നിലവിലെ നായകന്മാരുടെ പ്രതിഫലം എത്രയാണെന്ന് അറിയുമോ? 

ദിമിത് കരുണരത്‌നെ, മലിംഗ

2019 മാര്‍ച്ച് വരെ നായകന്മാരെ അടിക്കടി മാറ്റി പരീക്ഷിക്കുകയായിരുന്നു ശ്രീലങ്ക. സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയിച്ചതോടെ ദിമുത് കരുണരത്‌നെ ലങ്കയുടെ ഏകദിന നായകനുമായി. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച വഴി നടക്കാതിരുന്നതോടെ ട്വന്റി20യില്‍ ലസിത് മലിംഗ നായകനായി. 

71 ലക്ഷം രൂപയാണ് പ്രതിവര്‍ഷം നായകനായിരിക്കുന്ന കരുണരത്‌നയ്ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിഫലം. മലിംഗയ്ക്ക് പ്രതിവര്‍ഷം നല്‍കുന്നത് 49 ലക്ഷം രൂപയും. 

ടിം പെയ്ന്‍, ആരോണ്‍ ഫിഞ്ച്

2017ന് ശേഷമാണ് ഓസീസ് താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഓസ്‌ട്രേലിയയെ ആഘാതത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു വരേണ്ട ഉത്തരവാദിത്വമാണ് പെയ്‌നിനുണ്ടായത്. ഫിഞ്ച് ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ലോകകപ്പ് സെമി വരെ എത്തിച്ച് മികവ് കാട്ടി. ഏഴ് കോടി രൂപയ്ക്ക് അടുത്താണ് ഇരുവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിവര്‍ഷം നല്‍കുന്ന പ്രതിഫലം. 

ഡുപ്ലസിസ്, ഡികോക്ക്

പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സൗത്ത് ആഫ്രിക്കയുടെ പോക്ക്. കളിക്കളത്തിന് പുറത്തും സൗത്ത് ആഫ്രിക്കന്‍ ടീമിനെ പ്രശ്‌നങ്ങള്‍ അലട്ടുന്നു. വൈറ്റ് ബോളില്‍ ഡുപ്ലസിസിന് നായകത്വം നഷ്ടമായെങ്കിലും ടെസ്റ്റില്‍ നായകനായി തുടരും. 

സ്വന്തം തട്ടകത്തില്‍ നടന്ന രണ്ട് പരമ്പര ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് ടെസ്റ്റ് പരമ്പരകളും സൗത്ത് ആഫ്രിക്ക തോറ്റു. ഡുപ്ലസിസിന്റെ വിരമിക്കലിനെ സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഈ സമയം 3 കോടി രൂപയാണ് ഡുപ്ലസിസിന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിഫലം. ഡി കോക്കിന് 2.5 കോടി രൂപയും. 

കെയ്ന്‍ വില്യംസണ്‍

നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്ന ഒരു നായകന്‍ കോഹ് ലിയെ കൂടാതെ കെയിന്‍ വില്യംസണ്‍ മാത്രമാണ്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം മൂന്നാം നമ്പറില്‍ വില്യംസണ്‍ വിശ്വസ്തനാണ്. 

ട്വന്റി20യില്‍ മാത്രമാണ് വില്യംസണിന്റെ വിജയ ശതമാനം 50ല്‍ താഴെയുള്ളത്. ഏകദിനത്തിലും ടെസ്റ്റിലും 50ന് മുകളിലാണ് ഇത്. വില്യംസണിന്റെ നായകത്വവും ബാറ്റിങ്ങും കീവീസിനെ തുണക്കുന്നു. 3.17 കോടി രൂപയാണ് പ്രതിവര്‍ഷം കെയ്‌നിന് പ്രതിഫലം. 

ബാബര്‍ അസം, സര്‍ഫ്രാസ് അഹ്മദ്, അസ്ഹര്‍ അലി​

മൂന്ന് ഫോര്‍മാറ്റിലും മൂന്ന് വ്യത്യസ്ത നായകന്മാര്‍ നിലവില്‍ പാകിസ്ഥാന് മാത്രമാണുള്ളത്. ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനമാണ് സര്‍ഫ്രാസിനെ നായകത്വത്തില്‍ നിന്ന് മാറ്റാന്‍ കാരണമായത്. 

ട്വന്റി20യില്‍ ബാബര്‍ അസം നയിക്കുമ്പോള്‍ ടെസ്റ്റില്‍ അസ്ഹര്‍ അലിയാണ് ക്യാപ്റ്റന്‍. ഇരുവര്‍ക്കും പോസിറ്റീവ് ഫലങ്ങളല്ല നായകത്വത്തില്‍ ലഭിച്ചത്. 66 ലക്ഷം രൂപയാണ് ബാബര്‍ അസമിന്റെ പ്രതിഫലം. സര്‍ഫ്രാസിന്റെ പ്രതിഫലവും 66 ലക്ഷം രൂപ. അസ്ഹര്‍ അലിയുടേത് 44.28 ലക്ഷം രൂപ. 

വിരാട് കോഹ്ലി

വ്യക്തിഗത നേട്ടത്തിലും, ടീമിനെ നേട്ടത്തിലേക്കെത്തിക്കുന്നതിലും മറ്റ് നായകന്മാരെയെല്ലാം പിന്നിലാക്കി കുതിക്കുകയാണ് കോഹ് ലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള നായകന്‍. 

ബിസിസിഐയുടെ എപ്ലസ് വിഭാഗത്തിലുള്ള കോഹ് ലിക്ക് പ്രതിവര്‍ഷം ഏഴ് കോടി രൂപയാണ് പ്രതിഫലം. 

ജോ റൂട്ട്, മോര്‍ഗന്‍

ടെസ്റ്റില്‍ റൂട്ടും, ഏകദിനത്തില്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ടിനെ കുറച്ച് നാളായി നയിക്കുന്നത്. കാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ടിനെ ലോക കിരീടത്തിലേക്ക് എത്തിച്ചത് മാത്രം മതി മോര്‍ഗന്റെ നായകത്വത്തിന്റെ മികവറിയാന്‍. 

റൂട്ടിന് കീഴില്‍ ഇംഗ്ലണ്ട് ജയ പരാജയങ്ങളിലൂടെ കയറി ഇറങ്ങുന്നു. 8.15 കോടി രൂപയാണ് റൂട്ടിന്റെ പ്രതിഫലം, മോര്‍ഗന്റേത് 2.56 കോടി രൂപയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com