രണ്ടക്കം കടക്കാനാവാതെ ന്യൂസിലാന്‍ഡിന് മുന്‍പില്‍ വിറച്ച് രോഹിത്; സ്‌ട്രൈക്ക് റേറ്റും ശരാശരിയും ഇന്ത്യക്ക് തലവേദന

ന്യൂസിലാന്‍ഡിനെതിരെ കളിച്ച കഴിഞ്ഞ 10 ട്വന്റി20യില്‍ ആറ് വട്ടവും രോഹിത് രണ്ടക്കം കടക്കാതെ പുറത്തായി
രണ്ടക്കം കടക്കാനാവാതെ ന്യൂസിലാന്‍ഡിന് മുന്‍പില്‍ വിറച്ച് രോഹിത്; സ്‌ട്രൈക്ക് റേറ്റും ശരാശരിയും ഇന്ത്യക്ക് തലവേദന

5 ട്വന്റി20കളുടെ പരമ്പരയില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. ആദ്യ ട്വന്റി20 നടന്ന ഓക് ലന്‍ഡിലെ ഈഡന്‍ പാര്‍ക്ക് തന്നെയാണ് രണ്ടാം ട്വന്റി20യുടേയും വേദി. ബാറ്റ്‌സ്മാന്മാരെ ഈഡന്‍ പാര്‍ക്ക് എത്രമാത്രം പിന്തുണയ്ക്കുന്നു എന്ന് ആദ്യ ട്വന്റി20യില്‍ കണ്ടതാണ്. അതാണ് ഇന്ത്യയെ രണ്ടാം ട്വന്റി20യില്‍ ഇറങ്ങുന്നതിന് മുന്‍പ് ആശങ്കയിലാക്കുന്നത്. 

കോഹ് ലി, രാഹുല്‍, ശ്രേയസ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. രണ്ടാം ട്വന്റി20ക്ക് ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയാണ് ടീമിന് ആശങ്ക തരുന്നത്. കാരണം ന്യൂസിലാന്‍ഡിനെതിരെ ട്വന്റി20യിലുള്ള രോഹിത്തിന്റെ പതറല്‍ തന്നെ...

ന്യൂസിലാന്‍ഡിനെതിരെ കളിച്ച കഴിഞ്ഞ 10 ട്വന്റി20യില്‍ ആറ് വട്ടവും രോഹിത് രണ്ടക്കം കടക്കാതെ പുറത്തായി. ഒരു ടീമിനെതിരെ രോഹിത് ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ തവണ രണ്ടക്കം കടക്കാതെ പുറത്തായിരിക്കുന്നത് കീവീസിനെതിരെയാണ്. 

രണ്ടാമത് രോഹിത്തിന്റെ മുട്ട് കൂടുതല്‍ വിറച്ചിട്ടുള്ളത് ഓസ്‌ട്രേലിയക്കെതിരേയും. ഓസീസിനെതിരെ ട്വന്റി20യില്‍ 16 ഇന്നിങ്‌സില്‍ 8 തവണയാണ് രോഹിത് രണ്ടക്കം കടക്കാതെ പുറത്തായത്. ശ്രീലങ്കയ്ക്കും വിന്‍ഡിസിനുമെതിരെ 15 ഇന്നിങ്‌സുകള്‍ വീതം കളിച്ച രോഹിത് അഞ്ച് വട്ടം വീതം രണ്ടക്കം കാണാതെ പുറത്തായി. 

ഇംഗ്ലണ്ടിനെതിരെ 7 ഇന്നിങ്‌സുകള്‍ മാത്രം ട്വന്റി20യില്‍ കളിച്ച രോഹിത് മൂന്ന് വട്ടം രണ്ടക്കം കണ്ടില്ല. മാത്രമല്ല, ന്യൂസിലാന്‍ഡിനെതിരെ രോഹിത്തിന്റെ ശരാശരിയും താഴെയാണ്. ന്യൂസിലാന്‍ഡിനെതിരെ 10 ട്വന്റി20 ഇന്നിങ്‌സ് എങ്കിലും കളിച്ചവരില്‍ ഏറ്റവും കുറവ് ശരാശരിയുള്ളവരില്‍ നാലാമതാണ് രോഹിത്, 22.77. 

ന്യൂസിലാന്‍ഡിനെതിരെ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റും താഴെയാണ്. 138.14 ആണ് രോഹിത്തിന്റെ സാധാരണ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ ഇത് 129.74 ആണ്. ഇത് രോഹിത്തിന്റെ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com