ബുമ്‌റ അസാധാരണ ബൗളര്‍, കോഹ്‌ലി ക്ലാസ് ബാറ്റ്‌സ്മാന്‍; ഇരുവരും ഏറ്റവും മികച്ച താരങ്ങള്‍; ഓസീസ് ഇതിഹാസം പറയുന്നു

നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ബൗളറും ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം
ബുമ്‌റ അസാധാരണ ബൗളര്‍, കോഹ്‌ലി ക്ലാസ് ബാറ്റ്‌സ്മാന്‍; ഇരുവരും ഏറ്റവും മികച്ച താരങ്ങള്‍; ഓസീസ് ഇതിഹാസം പറയുന്നു

ദാവോസ്: നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ബൗളറും ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ ഇന്ത്യയുടെ ജസ്പ്രിത് ബുമ്‌റയും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയുമാണെന്ന് മഗ്രാത്ത് പറയുന്നു. ബാറ്റ്‌സ്മാന്‍മാരില്‍ മികവ് പുലര്‍ത്തുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തുമാണെന്നും മഗ്രാത്ത് വ്യക്തമാക്കി.

'ബുമ്‌റ അസാധാരണ ബൗളറാണ്. മറ്റ് പേസര്‍മാരെപ്പോലെ ദീര്‍ഘമായ റണ്ണപ്പൊന്നും ബുമ്‌റ എടുക്കുന്നില്ല. പക്ഷേ മികച്ച പേസും അവിശ്വസനീയമായ നിയന്ത്രണവും ശരിയായ മനോഭാവവുമാണ് ബുമ്‌റയ്ക്കുള്ളത്'- മഗ്രാത്ത് പറഞ്ഞു.

'ആശ്ചര്യപ്പെടുത്തുന്ന ബൗളറാണ് ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡ. എനിക്ക് അദ്ദേഹത്തോട് വലിയ ആരാധനയാണ്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അവരും മികച്ചവര്‍ തന്നെയാണ്. പുതിയ തലമുറയിലെ മികവുള്ള താരങ്ങള്‍ ആരെക്കെയാണെന്ന് ചോദിച്ചതിനാലാണ് ഇത്തരത്തില്‍ ഉത്തരം പറഞ്ഞത്'- മഗ്രാത്ത് വ്യക്തമാക്കി.

'നിലവില്‍ കോഹ്‌ലിയും സ്മിത്തുമാണ് മികച്ച ബാറ്റ്‌സ്മാന്‍മാര്‍. കോഹ്‌ലി ക്ലാസ് ബാറ്റ്‌സ്മാനാണ്. സാങ്കേതികമായും മികവ് പുലര്‍ത്തുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കുറച്ച് അഗ്രസീവാണ് അദ്ദേഹം'

'സ്മിത്ത് സാധാരണയില്‍ കവിഞ്ഞ് അതുല്ല്യനും അപൂര്‍വവുമായ പ്രതിഭയാണ്. കണ്ണും കൈയും തമ്മിലുള്ള ഏകോപനത്തില്‍ മികവ് പുലര്‍ത്തുന്ന സ്മിത്ത് സാങ്കേതികമായി പറഞ്ഞാല്‍ ടെക്സ്റ്റ്ബുക്ക് ബാറ്റ്‌സ്മാനല്ല. പക്ഷേ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി മനോഹരമാണ്'- ഓസീസ് ഇതിഹാസം പറഞ്ഞു.

മുന്‍ തലമുറയില്‍ വസീം അക്രം, കര്‍ട്‌ലി ആംബ്രോസ് എന്നിവര്‍ മികച്ച ബൗളര്‍മാരായിരുന്നുവെന്നും അവരെ ഏറെ ആരാധിച്ചിരുന്നതായും മഗ്രാത്ത് വ്യക്തമാക്കി. എച്‌സിഎല്‍ സ്‌പോര്‍ട്‌സ് നൈറ്റ്‌സില്‍ സംസാരിക്കവേയാണ് ഓസീസ് പേസ് ഇതിഹാസം തന്റെ ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com