അണ്ടർ 19 ലോകകപ്പ്; ഇന്ത്യക്കെതിരെ 234 റൺസ് വിജയ ലക്ഷ്യം; തുടക്കത്തിൽ തന്നെ ഓസീസിന് തിരിച്ചടി

അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 234 റൺസ് വിജയ ലക്ഷ്യം
അണ്ടർ 19 ലോകകപ്പ്; ഇന്ത്യക്കെതിരെ 234 റൺസ് വിജയ ലക്ഷ്യം; തുടക്കത്തിൽ തന്നെ ഓസീസിന് തിരിച്ചടി

പോച്ചെസ്ട്രോം (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 234 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു. വിജയം തേടിയിറങ്ങിയ ഓസീസ് മൂന്നോവർ പിന്നിടുമ്പോൾ 19 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട് പരുങ്ങുകയാണ്. രണ്ടോവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കാർത്തിക് ത്യാ​ഗിയാണ് ഓസീസിനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി തുടക്കം മുതൽ നങ്കൂരമിട്ടു കളിച്ച ഓപണർ യശ്വസി ജയ്‌സ്വാൾ, അവസാന ഓവറുകളിൽ തകർത്തടിച്ച് ഇന്നിങ്സിന് ഗതിവേഗം പകർന്ന അഥർവ അൻകൊലേക്കർ എന്നിവരുടെ അർധ സെഞ്ച്വറികളാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ജയ്‌സ്വാൾ 82 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 62 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. അൻകൊലേക്കർ 54 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 55 റൺസുമായി പുറത്താകാതെ നിന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം നേടി ഗ്രൂപ്പ് ചാംപ്യൻമാരായി ക്വാർട്ടറിലെത്തിയ ഇന്ത്യ ബാറ്റിങ് തകർച്ചയ്ക്കിടെയാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. 144 റൺസെടുക്കുമ്പോഴേയ്ക്കും ആറ് വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, ഏഴാം വിക്കറ്റിൽ രവി ബിഷ്ണോയി – അൻകൊലേക്കർ സഖ്യം പടുത്തുയർത്തിയ അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേർന്ന് 61 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത്. ബിഷ്ണോയി 31 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 30 റൺസെടുത്ത് പുറത്തായി.

ദിവ്യാൻഷ് സക്സേന (26 പന്തിൽ 14), തിലക് വർമ (ഒൻപതു പന്തിൽ രണ്ട്), ക്യാപ്റ്റൻ പ്രിയം ഗാർഗ് (ഏഴു പന്തിൽ അഞ്ച്), ധ്രുവ് ജുറൽ (48 പന്തിൽ 15), സിദ്ധേഷ് വീർ (42 പന്തിൽ 25), സുശാന്ത് മിശ്ര (രണ്ടു പന്തിൽ നാല്), കാർത്തിക് ത്യാഗി (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ഓസീസിനായി കോറി കെല്ലി, ടോഡ് മർഫി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാത്യു വില്യംസ്, കോണർ സുള്ളി, തൻവീർ സംഗ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com