ഓസീസിനെ എറിഞ്ഞു വീഴ്ത്തി ത്യാഗി; അണ്ടര്‍ 19 ലോകകപ്പ് സെമിയിലേക്ക് കുതിച്ച് ഇന്ത്യ

ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി
ഓസീസിനെ എറിഞ്ഞു വീഴ്ത്തി ത്യാഗി; അണ്ടര്‍ 19 ലോകകപ്പ് സെമിയിലേക്ക് കുതിച്ച് ഇന്ത്യ

പോച്ചെസ്‌ട്രോം (ദക്ഷിണാഫ്രിക്ക): ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. 74 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഓസീസ് 43.3 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. 

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കാര്‍ത്തിക് ത്യാഗി, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ആകാശ് സിങ് എന്നിവരുടെ ബൗളിങ് മികവിലാണ് ഇന്ത്യയുടെ വിജയം. എട്ടോവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങിയാണ് ത്യാഗി നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ത്യാഗി കളിയിലെ താരമായി. 

75 റണ്‍സെടുത്ത സാം ഫാന്നിങാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. പാട്രിക്ക് റോ (21), ലിയാം സ്‌കോട്ട് (35) എന്നിവരും പിടിച്ചു നിന്നു. മറ്റൊരാള്‍ക്കും രണ്ടക്കം തികയ്ക്കാന്‍ സാധിച്ചില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി തുടക്കം മുതല്‍ നങ്കൂരമിട്ടു കളിച്ച ഓപണര്‍ യശ്വസി ജയ്‌സ്വാള്‍, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഇന്നിങ്‌സിന് ഗതിവേഗം പകര്‍ന്ന അഥര്‍വ അന്‍കൊലേക്കര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ജയ്‌സ്വാള്‍ 82 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 62 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. അന്‍കൊലേക്കര്‍ 54 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം നേടി ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറിലെത്തിയ ഇന്ത്യ ബാറ്റിങ് തകര്‍ച്ചയ്ക്കിടെയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. 144 റണ്‍സെടുക്കുമ്പോഴേയ്ക്കും ആറ് വിക്കറ്റുകള്‍ നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, ഏഴാം വിക്കറ്റില്‍ രവി ബിഷ്‌ണോയി – അന്‍കൊലേക്കര്‍ സഖ്യം പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത്. ബിഷ്‌ണോയി 31 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 30 റണ്‍സെടുത്ത് പുറത്തായി.

ദിവ്യാന്‍ഷ് സക്‌സേന (26 പന്തില്‍ 14), തിലക് വര്‍മ (ഒന്‍പതു പന്തില്‍ രണ്ട്), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (ഏഴു പന്തില്‍ അഞ്ച്), ധ്രുവ് ജുറല്‍ (48 പന്തില്‍ 15), സിദ്ധേഷ് വീര്‍ (42 പന്തില്‍ 25), സുശാന്ത് മിശ്ര (രണ്ടു പന്തില്‍ നാല്), കാര്‍ത്തിക് ത്യാഗി (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. ഓസീസിനായി കോറി കെല്ലി, ടോഡ് മര്‍ഫി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാത്യു വില്യംസ്, കോണര്‍ സുള്ളി, തന്‍വീര്‍ സംഗ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com