ധോനിയും കോഹ്‌ലിയും രോഹിതും ഐപിഎല്ലില്‍ ഒരു ടീമിനായി കളിക്കാനിറങ്ങുന്നു; ഒപ്പം വാര്‍ണറും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ട വേദില്‍ ഒരിക്കല്‍ പോലും ഒരുമിച്ച് കളിച്ചിട്ടില്ലാത്ത എംഎസ് ധോനിയും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒരു ടീമില്‍ കളിക്കാനിറങ്ങുന്നു
ധോനിയും കോഹ്‌ലിയും രോഹിതും ഐപിഎല്ലില്‍ ഒരു ടീമിനായി കളിക്കാനിറങ്ങുന്നു; ഒപ്പം വാര്‍ണറും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ട വേദില്‍ ഒരിക്കല്‍ പോലും ഒരുമിച്ച് കളിച്ചിട്ടില്ലാത്ത എംഎസ് ധോനിയും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒരു ടീമില്‍ കളിക്കാനിറങ്ങുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഓള്‍ സ്റ്റാര്‍ പോരാട്ടത്തിലാണ് ഇവര്‍ ഒരുമിച്ച് ഒരു ടീമില്‍ കളിക്കാനൊരുങ്ങുന്നത്. 2020ലെ ഐപിഎല്ലിന് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായാണ് ഓള്‍ സ്റ്റാര്‍ പോരാട്ടം നടത്താനൊരുങ്ങുന്നത്. 

ഐപിഎല്ലില്‍ കളിക്കുന്ന എട്ട് ടീമുകളിലെയും കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ഓള്‍ സ്റ്റാര്‍ മത്സരം നടത്തുക. തിങ്കളാഴ്ച നടന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഓള്‍ സ്റ്റാര്‍ പോരാട്ടം നടക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ ഒരു ടീമായും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ മറ്റൊരു ടീമായും തിരിച്ചാകും മത്സരങ്ങള്‍. 

കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളിലെ കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ടീം വടക്കേ ഇന്ത്യക്കായി കളിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തി ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീമുമാകും മത്സരത്തില്‍ ഏറ്റുമുട്ടുക. 

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീമിലാണ് ധോണിയും കോഹ്‌ലിയും രോഹിത്തും വാര്‍ണറും ഒരുമിച്ച് കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ടീമില്‍ ആന്ദ്രെ റസ്സല്‍, കെ എല്‍ രാഹുല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുണ്ടാകും. 

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഐപിഎല്‍ ഭരണ സമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവരുടേതാണ് ഐപിഎല്ലിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍സ് മത്സരം നടത്താനുള്ള ആശയം. ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 29 മുതലാണ് തുടങ്ങുന്നത്. ആദ്യ മത്സരത്തിന് മൂന്ന് ദിവസം മുമ്പായിരിക്കും ഓള്‍ സ്റ്റാര്‍സ് പോരാട്ടം. വേദി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com