2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം, അരവിന്ദ ഡിസില്‍വയെ ലങ്കന്‍ പൊലീസ് ചോദ്യം ചെയ്തു

ലോകകപ്പ് സമയത്ത് ലങ്കന്‍ ടീമിന്റെ ചീഫ് സെലക്ടര്‍ അരവിന്ദ ഡിസില്‍വയായിരുന്നു
2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം, അരവിന്ദ ഡിസില്‍വയെ ലങ്കന്‍ പൊലീസ് ചോദ്യം ചെയ്തു

കൊളംബോ: 2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം അന്വേഷിക്കുന്ന ലങ്കന്‍ പൊലീസ് സംഘം അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തു. ലോകകപ്പ് സമയത്ത് ലങ്കന്‍ ടീമിന്റെ ചീഫ് സെലക്ടര്‍ അരവിന്ദ ഡിസില്‍വയായിരുന്നു. 

ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടതായാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ഫൈനലില്‍ ലങ്കക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഉപുല്‍ തരംഗയെയാണ് ഇനി പൊലീസ് സംഘം ചോദ്യം ചെയ്യുക എന്നാണ് സൂചന. 

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റുവെന്ന ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദയുടെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഡിസില്‍വ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോപണം ഉന്നയിച്ച മഹിന്ദാനന്ദയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 

കായിക മേഖലയിലെ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഇവിടേയും അന്വേഷണ ചുമതല. ഇന്ത്യ-ലങ്ക ലോകകപ്പ് ഫൈനലില്‍ കമന്റേറ്ററായിരുന്ന ലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. 

എന്നാല്‍ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നു എന്ന ആരോപണത്തില്‍ തെളിവ് ചോദിച്ചാണ് സംഗക്കാരയും, ജയവര്‍ധനയും രംഗത്തെത്തിയത്. പിന്നാലെ, ഒത്തുകളി നടന്നു എന്നത് തന്റെ സംശയമാണ് എന്ന് പറഞ്ഞ് ലങ്കന്‍ മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ മലക്കം മറിയുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com