ദ്യോക്കോവിചിനും ഭാര്യയ്ക്കും കോവിഡ് ഇല്ല

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിചും ഭാര്യ ജെലേനയും കോവിഡ് മുക്തരായി
novak_djokovic
novak_djokovic

ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിചും ഭാര്യ ജെലേനയും കോവിഡ് മുക്തരായി. കോവിഡ്19 സ്ഥിരീകരിച്ച് പത്താം ദിവസം വീണ്ടും നടത്തിയ പരിശോധനയില്‍ ഇരുവരും നെഗറ്റീവ് ആയതായി സെര്‍ബിയന്‍ താരത്തിന്റെ വക്താവ് വ്യക്തമാക്കി. വ്യാഴാഴ്ച്ച ബെല്‍ഗ്രേഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരും നെഗറ്റീവായത്. രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ദ്യോക്കോവിചും ഭാര്യയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസമായി വീട്ടില്‍ ഐസോലേഷനിലായിരുന്നു.

ബാള്‍ക്കന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്രിയ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നാണ് ദ്യോക്കോവിചിന് കോവിഡ് ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ ദ്യോക്കോവിചിന്റെ ഭാര്യയ്ക്കും രോഗം പടര്‍ന്നു. എന്നാല്‍ ഇരുവരുടേയും കുഞ്ഞുങ്ങളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.

ദ്യോക്കോവിച്് ഉള്‍പ്പെടെ ബെല്‍ഗ്രേഡിലും സദറിലുമായി നടന്ന പ്രദര്‍ശന ടൂര്‍ണമെന്റില്‍ പങ്കെടുത്ത നാല് താരങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയസിക്കി എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ദ്യോക്കോവിചിന്റെ ടെസ്റ്റും പോസിറ്റീവായി. ദ്യോക്കോവിചുമായി സമ്പര്‍ക്കമുണ്ടായിരുന്ന പരിശീലകന്‍ ഇവാനിസെവിച്ചും എന്‍.ബി.എ താരം നിക്കോള ജോക്കിച്ചും തുടര്‍ന്ന് ടെസ്റ്റിന് വിധേയരായി. ഇരുവരുടേയും പരിശോധനാഫലവം പോസിറ്റീവായിരുന്നു.

കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ച ദ്യോക്കോവിചിനെതിരേ മുന്‍താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com