2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം; അന്വേഷണം അവസാനിപ്പിച്ച് ലങ്കന്‍ പൊലീസ്

ജയവര്‍ധനെ, സംഗക്കാര, ഉപുല്‍ തരംഗ, അരവിന്ദ ഡിസില്‍വ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ വിധേയമായി ചോദ്യം ചെയ്തിരുന്നു
2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം; അന്വേഷണം അവസാനിപ്പിച്ച് ലങ്കന്‍ പൊലീസ്

കൊളംബോ: 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തിലെ അന്വേഷണം ലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു. തെളിവുകള്‍ ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. 

ജയവര്‍ധനെ, സംഗക്കാര, ഉപുല്‍ തരംഗ, അരവിന്ദ ഡിസില്‍വ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ വിധേയമായി ചോദ്യം ചെയ്തിരുന്നു. ഒത്തുകളി ആരോപണം സംബന്ധിച്ച് ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ ഉന്നയിച്ച ആരോപണങ്ങള്‍ ബലപ്പെടുത്തുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചില്ലെന്ന് അന്വേഷണ സംഘം തലവന്‍ ജഗത് ഫൊന്‍സെക പറഞ്ഞു. 

സംഗക്കാര ഉള്‍പ്പെടെയുള്ള കളിക്കാരെ ഇനിയും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് തോന്നുന്നില്ല. ടീം അംഗങ്ങളെ മുഴുവനും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കായിക മന്ത്രാലയം സെക്രട്ടറിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

സംഗക്കാരയേയും ഡിസില്‍വയേയും പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അന്വേഷണം എന്ന പേരില്‍ സംഗക്കാരയെ ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. 

ഫൈനലില്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ വരുത്തിയ നാല് മാറ്റങ്ങളില്‍ ഊന്നിയാണ് ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ ഒത്തുകളി ആരോപണം ഉന്നയിച്ചത്. എന്നാല്‍ കളിക്കാര്‍ക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന് താന്‍ പറയില്ലെന്നും മഹിന്ദാനന്ദ പറഞ്ഞിരുന്നു. ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അത് തന്റെ സംശയങ്ങള്‍ മാത്രമാണെന്ന് മഹിന്ദാനന്ദ നിലപാട് മാറ്റുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com