ഏറ്റവും മികച്ച ഏകദിന താരം സച്ചിനല്ല, ഓപ്പണിങ്ങില്‍ പങ്കാളിയായും സച്ചിനെ വേണ്ട; ട്വിസ്റ്റ് നിറച്ച് വസീം ജാഫറിന്റെ മറുപടികള്‍

കോഹ്‌ലിയാണ് ഇന്ത്യയുടെ മികച്ച ഏകദിന താരമെന്നാണ് വസീം ജാഫര്‍ പറയുന്നത്
ഏറ്റവും മികച്ച ഏകദിന താരം സച്ചിനല്ല, ഓപ്പണിങ്ങില്‍ പങ്കാളിയായും സച്ചിനെ വേണ്ട; ട്വിസ്റ്റ് നിറച്ച് വസീം ജാഫറിന്റെ മറുപടികള്‍

മുംബൈ: ഇന്ത്യയുടെ മികച്ച ഏകദിന ക്രിക്കറ്റ് താരം ആരാണ്? സച്ചിന്‍, രോഹിത്, കോഹ്‌ലി എന്നിവരുടെ പേരുകള്‍ മുന്‍പില്‍ വന്നപ്പോള്‍ അവിടെ ഇന്ത്യന്‍ നായകന് ഒപ്പമാണ് വസീം ജാഫര്‍ നില്‍ക്കുന്നത്. 

കോഹ്‌ലിയാണ് ഇന്ത്യയുടെ മികച്ച ഏകദിന താരമെന്നാണ് വസീം ജാഫര്‍ പറയുന്നത്. 463 ഏകദിനങ്ങളില്‍ നിന്ന് 18426 റണ്‍സ് ആണ് സച്ചിന്റെ സമ്പാദ്യം. 49 സെഞ്ചുറിയും. ബാറ്റിങ് ശരാശരി 44.83. 43 ഏകദിന സെഞ്ചുറിയാണ് കോഹ് ലിയുടെ പേരിലുള്ളത്. 248 ഏകദിനങ്ങളില്‍ നിന്ന് 11867 റണ്‍സ് കോഹ് ലി കണ്ടെത്തി കഴിഞ്ഞു. 

ഓപ്പണിങ്ങില്‍ പങ്കാളിയാവാന്‍ താത്പര്യം സച്ചിനെയാണോ സെവാഗിനെയാണോ എന്ന ചോദ്യത്തിന് സെവാഗിലേക്കാണ് രഞ്ജി ട്രോഫിയിലെ റണ്‍വേട്ടക്കാരന്‍ വിരല്‍ ചൂണ്ടുന്നത്. സെവാഗ് എന്റര്‍ടെയ്‌നറാണ് എന്നാണ് ഇതിന് കാരണമായി വസീം ജാഫര്‍ പറയുന്നത്. നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളര്‍ ഷുഐബ് അക്തറോ, ബ്രെറ്റ് ലീയോ എന്ന ചോദ്യത്തിന് രണ്ട് പേരും എന്നാണ് വസീം ജാഫറിന്റെ മറുപടി. എന്നാല്‍ ഇരുവരേയും താരതമ്യപ്പെടുത്തുമ്പോള്‍ ബ്രെറ്റ് ലീക്കാണ് കൂടുതല്‍ കൃത്യത. 

സൗരവ് ഗാംഗുലിയാണ് ജാഫറിന്റെ പ്രിയപ്പെട്ട നായകന്‍. 2000ന് ശേഷം ടീമിനെ പടുത്തുയര്‍ത്തിയ വിധമാണ് ഇതിന് കാരണമായി ജാഫര്‍ പറയുന്നത്. സെവാഗിനെ ഗാംഗുലി ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നതും, സഹീര്‍ ഖാന്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് എന്നിവരെ പോലുളള കളിക്കാരെ കണ്ടെത്തിയതും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com