ഇന്ത്യയില്‍ വീണ്ടും കൂറ്റന്‍ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; 100 ഏക്കറില്‍ 350 കോടി രൂപ ചെലവില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സ്‌റ്റേഡിയം

ജയ്പൂര്‍-ഡല്‍ഹി ഹൈവേയോട് ചേര്‍ന്ന് ചോന്‍പ് ഗ്രാമത്തില്‍ 100 ഏക്കറിലായാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്
ഇന്ത്യയില്‍ വീണ്ടും കൂറ്റന്‍ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; 100 ഏക്കറില്‍ 350 കോടി രൂപ ചെലവില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സ്‌റ്റേഡിയം

ജയ്പൂര്‍: ഇന്ത്യയില്‍ വീണ്ടും കൂറ്റന്‍ സ്‌റ്റേഡിയം വരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന പേരോടെ രാജസ്ഥാനിലെ ജയ്പൂരിലാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. 

ജയ്പൂര്‍-ഡല്‍ഹി ഹൈവേയോട് ചേര്‍ന്ന് ചോന്‍പ് ഗ്രാമത്തില്‍ 100 ഏക്കറിലായാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 75,000 പേര്‍ക്ക് ഇരിക്കാനാവും. 45000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ആദ്യ ഘട്ട നിര്‍മാണം. 350 കോടി രൂപയാണ് നിര്‍മാണ ചെലവ്.

കോവിഡ് രൂക്ഷമായി നില്‍ക്കുകയാണെങ്കിലും നാല് മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹേന്ദ്ര ശര്‍മ പറഞ്ഞു. മൊട്ടേരയില്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് പിന്നാലെയാണ് മറ്റൊരു കൂറ്റന്‍ സ്റ്റേഡിയത്തിന് കൂടി വരവൊരുങ്ങുന്നത്. 

1.10 ലക്ഷം സീറ്റിങ് കപ്പാസിറ്റിയാണ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിനുള്ളത്. 1.02 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 

സ്‌പോര്‍ട്‌സ് ട്രെയിനിങ് അക്കാദമികള്‍, ക്ലബ് ഹൗസ്, ഇന്‍ഡോര്‍ ഗെയിംസിനുള്ള സൗകര്യങ്ങള്‍ എന്നിവ സ്‌റ്റേഡിയത്തിലുണ്ടാവും. 4000 വാഹനങ്ങള്‍ക്ക് സ്‌റ്റേഡിയത്തില്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനാവും. 

സ്റ്റേഡിയം നിര്‍മാണത്തിന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് 90 കോടി രൂപ ബിസിസിഐ നല്‍കും. ഇതിന് പുറമെ 100 കോടി രൂപയുടെ സഹായം കൂടി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയോട് തേടും. 100 കോടി രൂപ വായ്പയെടുത്തും, കോര്‍പ്പറേറ്റ് ബോക്‌സുകള്‍ വിറ്റ് 60 കോടി രൂപ സമാഹരിക്കാനുമാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com