ഗബ്ബയിലെ വീറുറ്റ സെഞ്ചുറിയോ, ഹെവാര്‍ഡിന്റെ ബൗണ്‍സറിനും വീഴ്ത്താനാവാതെ പോയ തിരിച്ചു വരവോ? ദാദയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍ ഹൃദയം തൊടുന്ന ഓര്‍മ ഏതാണ്?

ഏകദിനത്തിലെ തിരിച്ചു വരവിലെ ആദ്യ ഇന്നിങ്‌സില്‍ 98 റണ്‍സിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് ആണ് ഗാംഗുലിയില്‍ നിന്ന് വന്നത്
ഗബ്ബയിലെ വീറുറ്റ സെഞ്ചുറിയോ, ഹെവാര്‍ഡിന്റെ ബൗണ്‍സറിനും വീഴ്ത്താനാവാതെ പോയ തിരിച്ചു വരവോ? ദാദയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍ ഹൃദയം തൊടുന്ന ഓര്‍മ ഏതാണ്?

ക്രിക്കറ്റില്‍ ഇന്ത്യയെ ജയിക്കാന്‍ ശീലിപ്പിച്ച നായകന് ഇന്ന് ജന്മദിനം. 22 ഏകദിന സെഞ്ചുറിയോടെ 11363 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി മാറിയ ഗാംഗുലി എന്ന ബാറ്റ്‌സ്മാനും നായകനും നിരവധി നൊസ്റ്റാള്‍ജിക് നിമിഷങ്ങളാണ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്. അതില്‍ ആരാധകരുടെ പ്രിയപ്പെട്ടതായി നില്‍ക്കുന്ന ചില നിമിഷങ്ങള്‍...

2005 സെപ്തംബറിലെ ഗ്രെഗ് ചാപ്പലിനൊപ്പമുള്ള പോരോടെയാണ് ഗാംഗുലിക്ക് നായക സ്ഥാനവും ടീമില്‍ നിന്നുള്ള സ്ഥാനവും നഷ്ടമാവുന്നത്. ഇന്ത്യയെ നയിക്കാന്‍ മാനസികമായും ശാരീരികമായും ഗാംഗുലി പ്രാപ്തനല്ലെന്നും, ഭിന്നിപ്പിച്ച് ഭരിക്കുന്ന ഗാംഗുലിയുടെ ശൈലി ടീമിനെ ബാധിക്കുന്നെന്ന ചാപ്പലിന്റെ ആരോപണവും ഗാംഗുലിക്ക് പുറത്തേക്കുള്ള വഴി തുറന്നു. 

2006ല്‍ ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ വലയുന്ന സമയം രഞ്ജി ട്രോഫിയില്‍ തിരിച്ചു വരവിനുള്ള ശ്രമങ്ങളുമായി ഗാംഗുലി നിറഞ്ഞു. ഏകദിനത്തില്‍ 4-0ന് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ തകര്‍ന്നടിഞ്ഞതോടെ ടെസ്റ്റ് ടീമിലേക്ക് ഗാംഗുലിക്ക് വിളിയെത്തി. തിരിച്ചു വരവിനുള്ള അവസരം. 

ഗാംഗുലി ടീമില്‍ നിന്ന് മാറിയിട്ട് അപ്പോഴേക്കും 41 ഏകദിനവും, ഏഴ് ടെസ്റ്റും ഇന്ത്യ കളിച്ചിരുന്നു. മിഡില്‍ സ്റ്റംപ് ഗാര്‍ഡില്‍ വ്യക്തത വരുത്തി ഗാംഗുലി അന്ന് 83 റണ്‍സാണ് നേടിയത്. അതും നാല് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്ന് നില്‍ക്കുന്ന സമയം. തിരിച്ചു വരവില്‍ ഗാംഗുലി എത്രമാത്രം കഠിനാധ്വാനം നടത്തിയെന്ന അവിടെ കണ്ട ബാറ്റിങ് ശൈലിയില്‍ നിന്ന് ക്രിക്കറ്റ് ലോകം വായിച്ചെടുത്തു. അന്ന് ഹെവാര്‍ഡിന്റെ ബൗണ്‍സറേറ്റ് വീണിട്ടും തിരികെ വന്ന് പൊരുതല്‍. 

തിരിച്ചു വരവിലെ തന്റെ ആദ്യ ടെസ്റ്റില്‍ ജൊഹന്നാസ്ബര്‍ഗില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാന്‍ ഗാംഗുലിക്കായി. സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു അത്. എന്നാല്‍ പരമ്പര ഇന്ത്യ തോറ്റു. പക്ഷേ ടോപ് സ്‌കോറര്‍മാരില്‍ ഗാംഗുലി മുന്‍പില്‍ നിന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഏകദിന ടീമിലേക്ക് ഗാംഗുലി എത്തി. 

ഏകദിനത്തിലെ തിരിച്ചു വരവിലെ ആദ്യ ഇന്നിങ്‌സില്‍ 98 റണ്‍സിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് ആണ് ഗാംഗുലിയില്‍ നിന്ന് വന്നത്. ശ്രീലങ്കക്കും വിന്‍ഡിസിനും എതിരായ പരമ്പരയില്‍ മികവ് കാട്ടിയ ഗാംഗുലിയുടെ ബാറ്റിങ് ശരാശരി 70ന് മുകളില്‍ നിന്നു. ലങ്കക്കെതിരെ മാന്‍ ഓഫ് ദി സീരീസും. 

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ത്രില്ലിങ് റണ്‍ ചേസ് പിറന്ന കളിയില്‍ ഷര്‍ട്ട് ഊരി വീശുന്ന ഗാംഗുലി ക്രിക്കറ്റ് ലോകത്തെ നൊസ്റ്റാള്‍ജിക് ഓര്‍മയാണ്. പവിത്രമായ ലോര്‍ഡ്‌സില്‍ ഷര്‍ട്ട് ഊരി വീശി എന്ന വിമര്‍ശന മുനകളൊന്നും ഫഌന്റോഫിന് അവിടെ മറുപടി നല്‍കുന്നതില്‍ നിന്നും ഗാംഗുലിയെ തടഞ്ഞില്ല. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു ഗാംഗുലി ക്രീസിലേക്ക് എത്തിയത്. ഓഫ് സൈഡില്‍ ഫീല്‍ഡര്‍മാരെ നിരത്തി സ്റ്റീവ് വോ ഗാംഗുലിയെ അസ്വസ്ഥനാക്കി. കണക്ക് തെറ്റിയ കട്ടില്‍ തലനാരിഴക്കാണ് ഫീല്‍ഡറുടെ കൈകളില്‍ നിന്ന് ഗാംഗുലി രക്ഷപെട്ടത്. എന്നാല്‍ പിന്നെയങ്ങോട്ട് പുറത്താക്കലിന്റെ ഒരു സൂചനയും ഗാംഗുലി നല്‍കിയില്ല. 

പോയിന്റിലൂടെ കട്ട് ചെയ്തും, പുള്‍ ചെയ്തും ഓസീസ് ബൗളര്‍മാരെ നിഷ്പ്രഭരാക്കി. ഡ്രസിങ് റൂമിലേക്ക് തിരികെ കയറുമ്പോള്‍ ഓസ്‌ട്രേലിയയിലെ എതിരാളികളുടെ പേടിസ്വപ്‌നമായ ഗ്രൗണ്ടില്‍ 144 റണ്‍സ് ഗാംഗുലി തന്റെ പേരിനൊപ്പം ചേര്‍ത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com