10 സെക്കന്റില്‍ കൂടുതല്‍ മുസ്താഫിസൂറിനോട് സംസാരിക്കില്ല; ബംഗ്ലാ താരത്തിന്റെ ഭാഷാ പരിമിതിയെ കുറിച്ച് ടോം മൂഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2020 03:09 PM  |  

Last Updated: 09th July 2020 03:09 PM  |   A+A-   |  

Mustafizur-Rahman

 

മെല്‍ബണ്‍: ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ മുസ്താഫിസൂര്‍ റഹ്മാനുമായുള്ള സംസാരം 10 സെക്കന്റില്‍ കൂടാറില്ലെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പരിശീലകന്‍ ടോം മൂഡി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ടീമിലുണ്ടായിരുന്ന റിക്കി ഭുയി എന്ന യുവതാരമാണ് താന്‍ പറയുന്ന കാര്യങ്ങള്‍ മുസ്താഫിസൂറിന് മനസിലാക്കി കൊടുത്തിരുന്നത് എന്ന് ടോം മൂഡി പറഞ്ഞു. 

മുസ്താഫിസൂറിനോട് സംസാരിക്കാന്‍ നിന്നാല്‍, സംഭാഷണം പാതി വഴിയില്‍ നിര്‍ത്തേണ്ടി വരും. ആ സമയത്ത് വാക്കുകള്‍ കൃത്യമായി മനസിലാക്കും വിധം നമ്മള്‍ ഉപയോഗിക്കുകയും വേണം. 10 സെക്കന്റില്‍ കൂടുതല്‍ മുസ്താഫിസൂറുമായുള്ള സംഭാഷണങ്ങള്‍ നീളാറില്ല. റിക്കി ഇല്ലെങ്കില്‍ കളിക്കാര്‍ക്ക് പരസ്പരവും, ടീം മാനേജ്‌മെന്റുമായും സംസാരിക്കുക എന്നത് അസാധ്യമാവുമെന്നും ടോം മൂഡി പറഞ്ഞു. 

2015ലെ ഇന്ത്യക്കെതിരായ ഏകദിനത്തില്‍ മികവ് കാണിച്ചതിന്റെ ബലത്തിലാണ് മുസ്താഫിസൂര്‍ റഹ്മാന്‍ സണ്‍റൈസേഴ്‌സിന്റെ ഭാഗമാവുന്നത്. അന്ന് ബംഗ്ലാദേശിനെ പരമ്പര നേടാന്‍ സഹായിച്ചത് മുസ്താഫിസൂര്‍ ആയിരുന്നു. 

2016ല്‍ ഡേവിഡ് വാര്‍ണറിന് കീഴില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച മുസ്താഫിസൂര്‍ 16 കളിയില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തി. ഇക്കണോമി 6.90. സണ്‍റൈസേഴ്‌സ് ബൗളര്‍മാരില്‍ ഏറ്റവും മികച്ച് നിന്നത് മുസ്താഫിസൂറിന്റെ ഇക്കണോമി ആയിരുന്നു.