ഞാന്‍ ആഗ്രഹിച്ചത് പോലെ അശ്വിന്‍ ചെയ്തു;തുടരെ രണ്ട് സിക്‌സ് പറത്തിയതിന് പിന്നിലെ തന്ത്രം പറഞ്ഞ് അഫ്രീദി

അന്ന് താന്‍ ആഗ്രഹിച്ചത് എന്താണോ അതാണ് അശ്വിനില്‍ നിന്ന് വന്നതെന്നാണ് അഫ്രീദി ഇപ്പോള്‍ പറയുന്നത്
ഞാന്‍ ആഗ്രഹിച്ചത് പോലെ അശ്വിന്‍ ചെയ്തു;തുടരെ രണ്ട് സിക്‌സ് പറത്തിയതിന് പിന്നിലെ തന്ത്രം പറഞ്ഞ് അഫ്രീദി

2014 ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തില്‍ ആര്‍ അശ്വിനെ തുടരെ രണ്ട് വട്ടം സിക്‌സ് പറത്തിയാണ് അഫ്രീദി പാകിസ്ഥാനെ ജയിച്ചു കയറ്റിയത്. അന്ന് താന്‍ ആഗ്രഹിച്ചത് എന്താണോ അതാണ് അശ്വിനില്‍ നിന്ന് വന്നതെന്നാണ് അഫ്രീദി ഇപ്പോള്‍ പറയുന്നത്. 

അവസാന രണ്ട് ഓവറില്‍ നിന്ന് 13 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ാം ഓവറില്‍ ഭുവി വിട്ടുകൊടുത്തത് മൂന്ന് റണ്‍സ് മാത്രം. വീഴ്ത്തിയത് 2 വിക്കറ്റും. അവസാന ഓവര്‍ എറിയാന്‍ അശ്വിന് കോഹ് ലി പന്ത് നല്‍കി. അഫ്രീദിയുടെ പങ്കാളി സയിദ് അജ്മലിനെ അശ്വിന്‍ മടക്കി. എന്നാല്‍ തുടരെ രണ്ട് വട്ടം അശ്വിനെ സിക്‌സ് പറത്തി അഫ്രീദി ജയം തൊട്ടു. 

സയിദ് അജ്മല്‍ എനിക്കൊപ്പം ബാറ്റിങ് ചെയ്യുന്നു. സിംഗിള്‍ എടുക്കാന്‍ ഞാന്‍ സയിദിനോട് പറഞ്ഞു. സ്വീപ്പ് ഷോട്ടിന് ശ്രമിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ കേട്ടില്ല. പിച്ചില്‍ നിന്ന് അശ്വിന് പിന്തുണയും ലഭിക്കുന്നുണ്ട്. പിന്നെ ജുനൈദ് ഖാന്‍ എത്തി. ഇതേ കാര്യം തന്നെ ഞാന്‍ ജുനൈദിനോടും പറഞ്ഞു. 

എങ്ങനെയോ ജുനൈദ് എനിക്ക് സ്‌ട്രൈക്ക് തന്നു. സ്‌ട്രൈക്കില്‍ എത്തിയപ്പോള്‍ ഞാന്‍ ലെഗ് സൈഡിലെ ഫീല്‍ഡര്‍മാരെ നോക്കി. ഇതിലൂടെ ഞാന്‍ ലെഗ് സൈഡിലേക്ക് കളിക്കാന്‍ പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ഓഫ് സ്പിന്നറെ കൊണ്ട് ഓഫ് സ്പിന്‍ എറിയിക്കാതിരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. 

ആ തന്ത്രം ഫലിച്ചു. ലെഗ് സ്പിന്നാണ് അശ്വിന്‍ എറിഞ്ഞത്. എക്‌സ്ട്രാ കവറിലൂടെ ഞാന്‍ സിക്‌സ് പറത്തി. രണ്ടാമത്തെ ഡെലിവറി ബുദ്ധിമുട്ടേറിയതായിരുന്നു. ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. ബൗണ്ടറി ലൈനിന് അപ്പുറം കടക്കുമോ എന്ന സംശയം തോന്നി. എന്നാല്‍ സിക്‌സ് ആയി. ഞാന്‍ ആശ്വാസത്തോടെ ശ്വാസം വിട്ടു...അഫ്രീദി പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com