ഹൃദയം പിളര്‍ത്തിയ ആ റണ്‍ഔട്ടിന് ഒരാണ്ട്, കിവീസ് നിശ്ചയദാര്‍ഡ്യത്തില്‍ തട്ടി ഇന്ത്യ പതറി വീണ ദിവസം

മാര്‍ട്ടിന്‍ ഗപ്റ്റലിന്റെ ത്രോ സ്റ്റംപ് കുലുക്കിയപ്പോള്‍ കോടിക്കണക്കിന് ഹൃദയങ്ങള്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം
ഹൃദയം പിളര്‍ത്തിയ ആ റണ്‍ഔട്ടിന് ഒരാണ്ട്, കിവീസ് നിശ്ചയദാര്‍ഡ്യത്തില്‍ തട്ടി ഇന്ത്യ പതറി വീണ ദിവസം

മാര്‍ട്ടിന്‍ ഗപ്റ്റലിന്റെ ത്രോ സ്റ്റംപ് കുലുക്കിയപ്പോള്‍ കോടിക്കണക്കിന് ഹൃദയങ്ങള്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ജൂലൈ 10നാണ് ന്യൂസിലാന്‍ഡിന് മുന്‍പില്‍ 18 റണ്‍സ് അകലെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ച് ഇന്ത്യ മുട്ടുകുത്തിയത്. 

10 പന്തില്‍ നിന്ന് ജയിക്കാന്‍ 25 റണ്‍സ് വേണമെന്നിരിക്കെയാണ് ധോനിയുടെ റണ്‍ഔട്ട് എത്തിയത്. അതിന് തൊട്ടുമുന്‍പത്തെ ഡെലിവറി സിക്‌സ് പറത്തി ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയതിന് പിന്നാലെ വന്ന റണ്‍ഔട്ട് നിരാശയുടെ പടുകുഴിയിലേക്ക് ആരാധകരെ തള്ളിയിട്ടു. 

240 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ നിരയിലെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പുറത്തായത് ഒരു റണ്‍ മാത്രം എടുത്ത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ബാറ്റിങ്ങില്‍ പരീക്ഷണം നടത്തി ചൂതാട്ടത്തിലേക്ക് എത്തിയപ്പോള്‍ പ്രതീക്ഷ നല്‍കി ധോനി-രവീന്ദ്ര ജഡേജ സഖ്യമെത്തി. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന് തകര്‍ന്നിടത്ത് നിന്നും ഇരുവരും ഇന്ത്യയെ കരകയറ്റി. ഏഴാം വിക്കറ്റില്‍ ലോകകപ്പ് ചരിത്രത്തില്‍ അതുവരെയില്ലാത്ത റെക്കോര്‍ഡ് കൂട്ടുകെട്ട് സൃഷ്ടിച്ച് പ്രതീക്ഷകള്‍ ആരാധകരില്‍ നിറച്ചു. 116 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. 

അന്ന് ഗപ്റ്റിലിന്റെ ത്രോ ഡയറക്ട് ഹിറ്റായില്ലായിരുന്നു എങ്കില്‍ ജൂലൈ 14ന് നടന്ന ലോകകപ്പ് ഫൈനലില്‍ ഒരുപക്ഷേ ഇന്ത്യ ഇറങ്ങുമായിരുന്നു. 59 പന്തില്‍ നിന്ന് 77 റണ്‍സ് അടിച്ചെടുത്ത് തന്റെ അല്ലറ ചില്ലറ കഴിവ് ജഡേജയും പുറത്തെടുത്തെങ്കിലും 49.3 ഓവറില്‍ 221 റണ്‍സിന് ഇന്ത്യയുടെ പ്രതീക്ഷകള്‍ കെട്ടടങ്ങി. 

അതുവരെ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നത്, സ്ഥാന കയറ്റം നല്‍കിയത്. റിഷഭ് പന്തിനെ നേരത്തെ ക്രീസിലേക്ക് ഇറക്കിയത്. ധോനിയെ ബാറ്റിങ്ങിന് ഇറക്കാന്‍ വൈകിയത് എന്നിവയെല്ലാം തോല്‍വിക്ക് പിന്നാലെ വിമര്‍ശനത്തിന് വിധേയായി. ബാറ്റിങ് പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിന്റെ സ്ഥാനവും തെറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com