ഗംഭീറിന് ഷാരൂഖ് സ്വാതന്ത്ര്യം നല്‍കി, അതേ സ്വാതന്ത്ര്യം ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുഖം തിരിച്ചു: ഗാംഗുലി

'താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന സമയം ടീമില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാന്‍ ഉടമ ഷാരൂഖ് ഖാന്‍ തയ്യാറായില്ല'
ഗംഭീറിന് ഷാരൂഖ് സ്വാതന്ത്ര്യം നല്‍കി, അതേ സ്വാതന്ത്ര്യം ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുഖം തിരിച്ചു: ഗാംഗുലി

കൊല്‍ക്കത്ത: താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന സമയം ടീമില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാന്‍ ഉടമ ഷാരൂഖ് ഖാന്‍ തയ്യാറായില്ലെന്ന് സൗരവ് ഗാംഗുലി. ഗംഭീര്‍ നായകനായപ്പോള്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയത് ചൂണ്ടിയായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

ഇത് താങ്കളുടെ ടീമാണ്, ഒരു ഇടപെടലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്ന് ഷാരൂഖ് തന്നോട് പറഞ്ഞതായി ഗൗതം ഗംഭീര്‍ പറഞ്ഞു കേട്ടു. ഞാന്‍ നായകനായി ഇരുന്നപ്പോള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതും ഇതേ കാര്യമാണ്, ഇതേ സ്വാതന്ത്ര്യമാണ്. 

ടീമിനെ എന്നെ ഏല്‍പ്പിക്കൂ എന്ന് ഞാന്‍ പറഞ്ഞിട്ട് അദ്ദേഹം കേട്ടില്ല. ടീമില്‍ ഇടപെടലുകള്‍ നടത്തിയെന്ന് ഗാംഗുലി പറയുന്നു. ഐപിഎല്ലിലെ ആദ്യ സീസണില്‍ കൊല്‍ക്കത്തയെ ഗാംഗുലി നയിച്ചെങ്കിലും നീരാശയായിരുന്നു ഫലം. ഇതോടെ രണ്ടാമത്തെ സീസണില്‍ ബ്രണ്ടന്‍ മക്കല്ലത്തെ നായകനാക്കി. ആ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് കൊല്‍ക്കത്ത വീണതോടെ ഗാംഗുലി വീണ്ടും നായകനായി എത്തി. 

നായകന്മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുള്ള ടീമുകളെ ഐപിഎല്ലില്‍ നേട്ടമുണ്ടാക്കിയിട്ടുള്ളു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോനിയാണ് എല്ലാം നിയന്ത്രിക്കുന്നത്. അവര്‍ക്ക് താത്പര്യമുള്ള കളിക്കാരെ ടീമിലെടുക്കണം എന്ന് രോഹിത് ശര്‍മയോട് ആര്‍ക്കെങ്കിലും പറയാനാവുമോ? കൊല്‍ക്കത്തയില്‍ കോച്ച് ബുക്കനാനുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു പ്രധാന പ്രശ്‌നം. 

കൊല്‍ക്കത്തക്ക് നാല് ക്യാപ്റ്റന്മാരെ വേണമെന്ന ചിന്തയായിരുന്നു ബുക്കനന്. വ്യത്യസ്തമായ കാഴ്ചപ്പാടാണ് അത്. അങ്ങനെ മക്കല്ലം ക്യാപ്റ്റനായി. പിന്നെ അടുത്തയാള്‍ ക്യാപ്റ്റനായി. ബൗളിങ്ങിന് ക്യാപ്റ്റന്‍ വന്നു. പിന്നെ എന്തിനൊക്കെയാണ് ക്യാപ്റ്റന്‍ വന്നത് എന്ന് എനിക്കറിയില്ല, ഗാംഗുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com