'എന്നെ ടീമിലെത്തിച്ചത് ധോനി'- തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍

'എന്നെ ടീമിലെത്തിച്ചത് ധോനി'- തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍
'എന്നെ ടീമിലെത്തിച്ചത് ധോനി'- തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍

അഹമ്മദാബാദ്: 2020ലെ ഐപിഎല്‍ താര ലേലത്തില്‍ അമ്പരപ്പിക്കുന്ന തീരുമാനം എടുത്തത് ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. വെറ്ററന്‍ ലെഗ് സ്പിന്നര്‍ പിയൂഷ് ചൗളയെ 6.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ചാണ് അവര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 2019ലെ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ച പിയൂഷിന്റെ പ്രകടനം പരിതാപകരമായിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്‌കെയുടെ നീക്കം.

അഞ്ച് സീസണുകളിലായി കൊല്‍ക്കത്തയ്ക്കായി കളിക്കുന്ന പിയൂഷിനെ ഇത്തവണ അവര്‍ ഒഴിവാക്കിയതോടെയാണ് താരം ലേല പട്ടികയില്‍ ഉള്‍പ്പെട്ടത്. ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ നിലവില്‍ ചെന്നൈ ടീമില്‍ സ്പിന്നര്‍മാരായുണ്ട്. അതിനിടെയാണ് മറ്റൊരു സ്പിന്നര്‍ കൂടി ടീമിലെത്തുന്നത്. അതും ആറേമുക്കാല്‍ കോടി രൂപയ്ക്ക്.

മൂന്ന് വട്ടം ചാമ്പ്യന്‍മാരായ ചെന്നൈ ടീമിലേക്കുള്ള അപ്രതീക്ഷിത വരവ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ താത്പര്യമനുസരിച്ചാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പിയൂഷ്. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിയൂഷ് മനസ് തുറന്നത്.

'ഐപിഎല്ലിന് മുന്നോടിയായി നടന്ന ആദ്യ ക്യാമ്പില്‍ വച്ച് ഞാന്‍ ധോനിയുമായി സംസാരിച്ചിരുന്നു. അതിനിടെ എന്നെ ടീമിലെടുക്കാനുള്ള തീരുമാനം ആരാണ് എടുത്തത് എന്ന് ഞാന്‍ ചോദിച്ചു. അത് എന്റെ തീരുമാനം തന്നെയായിരുന്നു നിന്നെ സിഎസ്‌കെയില്‍ എത്തിക്കുയെന്നത് എന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞു'- പിയൂഷ് വ്യക്തമാക്കി.

2018ല്‍ 4.2കോടി വിലയുണ്ടായിരുന്ന പിയൂഷിനെ ചെന്നൈ ടീമിലെത്തിക്കാന്‍ അവസാനം വരെ ശ്രമിച്ചിരുന്നു. എന്നാല്‍ 4.2 കോടി രൂപയ്ക്ക് കെകെആര്‍ തന്നെ പിയൂഷിനെ നിലനിര്‍ത്തിയതോടെയാണ് അന്ന് പദ്ധതി വിജയിക്കാതെ പോയത്.

ഇന്ത്യക്കായി 25 ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ച പിയൂഷ് ചൗള 2012ന് ശേഷം ഇന്ത്യക്കായി അന്താരാഷ്ട്ര പോരാട്ടത്തിന് ഇറങ്ങിയിട്ടില്ല. 2007ലെ ടി20 ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്ന ചൗള ഏഴ് ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com