'പ്രശ്‌നമുണ്ടാക്കി സസ്‌പെന്‍ഷന്‍ മേടിച്ചു തരരുത്' ; അഭ്യര്‍ത്ഥനയുമായി 'ദാദ' ഡ്രെസിങ് റൂമിലെത്തി ; സംഗക്കാരയുടെ വെളിപ്പെടുത്തല്‍

മത്സരത്തിനിടെ റസ്സല്‍ ആര്‍ണോള്‍ഡ് തുടര്‍ച്ചയായി പിച്ചിലെ 'അപകട മേഖല'യില്‍ കയറിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്
'പ്രശ്‌നമുണ്ടാക്കി സസ്‌പെന്‍ഷന്‍ മേടിച്ചു തരരുത്' ; അഭ്യര്‍ത്ഥനയുമായി 'ദാദ' ഡ്രെസിങ് റൂമിലെത്തി ; സംഗക്കാരയുടെ വെളിപ്പെടുത്തല്‍


കൊളംബോ : പ്രശ്‌നമുണ്ടാക്കി സസ്‌പെന്‍ഷന്‍ മേടിച്ചു തരരുതെന്ന അഭ്യര്‍ത്ഥനയുമായി സൗരവ് ഗാംഗുലി എത്തിയിരുന്നതായി മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. 2002ല്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലിനിടെയാണ് സംഭവം. മല്‍സരത്തിനിടെ  റസ്സല്‍ ആര്‍ണോള്‍ഡുമായി 'ഉരസിയ' ശേഷം പ്രശ്‌നമുണ്ടാക്കരുതെന്ന് അഭ്യര്‍ഥിച്ച് അന്നത്തെ ഇന്ത്യന്‍ നായകന്‍ ഗാംഗുലി ശ്രീലങ്കന്‍ ഡ്രസിങ് റൂമിലെത്തിയതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ 'ക്രിക്കറ്റ് കണക്ടഡ്' എന്ന ചാറ്റ് ഷോയില്‍ സംഗക്കാര വെളിപ്പെടുത്തി.

അന്ന് മത്സരത്തിനിടെ റസ്സല്‍ ആര്‍ണോള്‍ഡ് തുടര്‍ച്ചയായി പിച്ചിലെ 'അപകട മേഖല'യില്‍ കയറിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഇതിനെതിരെ പ്രതികരണവുമായി ഗാംഗുലി രംഗത്തെത്തിയതോടെ രംഗം വഷളായി. അംപയര്‍ ഇടപെടുന്നതിനു മുന്‍പ് അന്ന് ഇരുവരും തമ്മില്‍ വാക്‌പോരുമുണ്ടായി.

റസ്സല്‍ ആര്‍ണോള്‍ഡുമായി പ്രശ്‌നമുണ്ടായ ദിവസം ഗാംഗുലി ലങ്കന്‍ ഡ്രസിങ് റൂമിലെത്തി പ്രശ്‌നമുണ്ടാക്കരുതെന്ന് അഭ്യര്‍ഥിച്ചതായി അന്ന് ലങ്കന്‍ വിക്കറ്റ് കീപ്പറായിരുന്ന സംഗക്കാര പറഞ്ഞു. 'അന്ന് എല്ലാറ്റിനുമൊടുവില്‍ ദാദ ഞങ്ങളുടെ ഡ്രസിങ് റൂമില്‍ വന്ന് എല്ലാവരുമായി സംസാരിച്ചു. ഈ സംഭവം ഇതേപടി തുടര്‍ന്നാല്‍ തനിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പേടിക്കേണ്ട, ശ്രീലങ്കന്‍ ടീം ഇതത്ര വലിയ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ ആശ്വസിപ്പിച്ചു' സംഗക്കാര പറഞ്ഞു.

ഗാംഗുലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംഗക്കാര മനസ്സു തുറന്നു: 'വര്‍ഷങ്ങളായുള്ള പരിചയം മൂലം എനിക്ക് ദാദയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തെ ദാദ എന്ന് വിളിക്കുന്നതുതന്നെ ഏറെ ഇഷ്ടമുള്ള കാര്യമാണ്. കളിയുടെ കാര്യത്തിലായാലും ക്യാപ്റ്റന്‍സിയുടെ കാര്യത്തിലായാലും അത് അങ്ങനെ തന്നെ. 

പ്രായോഗികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. തന്റെ കഴിവിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കളത്തില്‍ എത്ര മത്സരബുദ്ധിയോടെ പെരുമാറിയാലും കളത്തിനു പുറത്ത് അദ്ദേഹം ആരെയും ആകര്‍ഷിക്കുന്ന വ്യക്തിയായിരുന്നു. ' സംഗക്കാര പറഞ്ഞു.

അന്ന് ഇന്ത്യ-ശ്രീലങ്ക കലാശപ്പോര് മഴമൂലം തടസ്സപ്പെടുകയായിരുന്നു. റിസര്‍വ് ദിനത്തിലും മഴ കനിയാതെ പോയതോടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇരു ടീമുകളെയും സംയുക്ത ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com