സെലക്ഷന്‍ സുതാര്യമാകണം ; ടീം തെരഞ്ഞെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് മനോജ് തിവാരി

അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, എല്ലാവര്‍ക്കും വീക്ഷിക്കാവുന്ന തരത്തില്‍ സുതാര്യമാക്കണം
സെലക്ഷന്‍ സുതാര്യമാകണം ; ടീം തെരഞ്ഞെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് മനോജ് തിവാരി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ടീം സെലക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, നടപടി ക്രമങ്ങള്‍ സുതാര്യമാകുന്നതിനും സെലക്ഷന്‍ കമ്മിറ്റി യോഗം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ബംഗാള്‍ നായകന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമവുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് തിവാരി നിലപാട് വ്യക്തമാക്കിയത്.

അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, എല്ലാവര്‍ക്കും വീക്ഷിക്കാവുന്ന തരത്തില്‍ സുതാര്യമാക്കണം. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് തിവാരി പറഞ്ഞു. ടീം സെലക്ഷന്‍ ലൈവ് ആക്കുന്നതോടെ, തെരഞ്ഞെടുപ്പ് നീതിപൂര്‍വകമാണോയെന്ന് എല്ലാവര്‍ക്കും കണ്ടു മനസ്സിലാക്കാനാകും. ഓരോ താരത്തിനും വേണ്ടി ഏതു സെലക്ടറാണ് സംസാരിക്കുന്നതെന്നും, ആ താരത്തെ ഉള്‍പ്പെടുത്താന്‍ പ്രസ്തുത സെലക്ടറിന്റെ വാദമെന്താണെന്നും വ്യക്തമാകും. ടീം തെരഞ്ഞെടുപ്പ് നീതിയുക്തമാണോയെന്നും വ്യക്തമാകും'. മനോജ് തിവാരി ചൂണ്ടിക്കാട്ടി.

'സാധാരണഗതിയില്‍, ടീമിലേക്ക് പരിഗണിക്കപ്പെടാത്ത താരം എന്തുകൊണ്ടാണ് തന്നെ ഉള്‍പ്പെടുത്താത്തതെന്ന് സെലക്ടറോട് ചോദിക്കണം. ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണ്. ടീം തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ?' തിവാരി ചോദിച്ചു. നാലു വര്‍ഷം കിട്ടിയിട്ടും നാലാം നമ്പറിലേക്ക് നല്ലൊരു ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് അതിശയിപ്പിക്കുന്നു. ലോകകപ്പ്  സെമിയില്‍പ്പോലും നമ്മെ തിരിച്ചടിച്ചത് ഈ വിഡ്ഢിത്തമാണ്. ടീം തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്'. തിവാരി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രാദേശിക വാദം കൂടുതല്‍ ബലപ്പെടുകയാണ്. 'ചീഫ് സെലക്ടറിന്റെ സ്വന്തം സംസ്ഥാനത്തിനും ആ മേഖലയ്ക്കും ടീം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് അത്ര രഹസ്യമായ സംഗതിയൊന്നുമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ദീര്‍ഘകാലമായി ദേശീയ ടീമിനു പുറത്തുനില്‍ക്കുന്ന ഷഹബാസ് നദീമിന്റെ കാര്യം നോക്കൂ. സൗരഭ് തിവാരി മറ്റൊരു ഉദാഹരണമാണ്. എന്നേപ്പോലുള്ളവര്‍ ഇങ്ങനെ തുറന്നുപറയാന്‍ തുടങ്ങിയാല്‍ അധികാരത്തിലുള്ളവര്‍ക്ക് പ്രശ്‌നമാകും' തിവാരി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ട്. ഒരിക്കല്‍ സെഞ്ചുറി നേടിയിട്ടുപോലും തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ പുറത്തിരുന്നയാളാണ് ഞാന്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ ടീമില്‍ ഇടം കിട്ടിയെങ്കിലും കളത്തിലിറങ്ങാനായില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ വിരമിക്കുന്ന കാര്യം പോലും ആലോചിച്ചിരുന്നുവെന്ന് തിവാരി പറഞ്ഞു. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും തിവാരി കളിച്ചിട്ടുണ്ട്. 12 ഏകദിനങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും സഹിതം 26.09 ശരാശരിയില്‍ നേടിയത് 287 റണ്‍സ് നേടി. മൂന്ന് ട്വന്റി20കളില്‍നിന്ന് 15 ശരാശരിയില്‍ നേടിയത് 14 റണ്‍സ്. ഇതുവരെ 125 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് ഒരു ട്രിപ്പിള്‍ സെഞ്ചുറി ഉള്‍പ്പെടെ 27 സെഞ്ചുറിയും 37 അര്‍ധസെഞ്ചുറികളും സഹിതം 8965 റണ്‍സും നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com