റെക്കോര്‍ഡ് നേട്ടത്തിന് അഭിനന്ദനം, ഇനി എന്താണ്? വിരമിക്കാന്‍ കപില്‍ ദേവിനോട് ആവശ്യപ്പെട്ട വിധം വെളിപ്പെടുത്തി മുന്‍ സെലക്ടര്‍

ഹഷന്‍ തിലകരത്‌നയെ പുറത്താക്കി 432ാം വിക്കറ്റിലേക്ക് എത്തി കപില്‍ ദേവ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി
റെക്കോര്‍ഡ് നേട്ടത്തിന് അഭിനന്ദനം, ഇനി എന്താണ്? വിരമിക്കാന്‍ കപില്‍ ദേവിനോട് ആവശ്യപ്പെട്ട വിധം വെളിപ്പെടുത്തി മുന്‍ സെലക്ടര്‍

ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്‍, എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍. എന്നാല്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് കപില്‍ ദേവ് എത്തിയത് സെലക്ടര്‍മാരുടെ സമ്മര്‍ദ ഫലമായി. ആ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ അന്‍ഷുമാന്‍ ഗയ്കവാദ്. 

1994ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരം. ഹഷന്‍ തിലകരത്‌നയെ പുറത്താക്കി 432ാം വിക്കറ്റിലേക്ക് എത്തി കപില്‍ ദേവ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി. ന്യൂസിലാന്‍ഡിന്റെ റിച്ചാര്‍ഡ് ഹഡ്‌ലിയെ മറികടന്നാണ് റെക്കോര്‍ഡിട്ടത്. 

എന്നാല്‍ ഈ സമയം മികച്ച ഫോമിലായിരുന്നില്ല കപില്‍ ദേവ്. റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ കപില്‍ ദേവിന്റെ അടുത്തേക്ക് ഞാനും ഗുണ്ടപ്പ വിശ്വനാഥും എത്തി. ഞങ്ങള്‍ കപിലിന് അഭിനന്ദനം അറിയിച്ചു. ഇനി എന്താണ് എന്നും ഞങ്ങള്‍ കപിലിനോട് ആരാഞ്ഞു. 

റെക്കോര്‍ഡ് പിന്നിടുന്നത് വരെ കപില്‍ ദേവിനെ ഞങ്ങള്‍ ടീമില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇനി എന്താണ് എന്ന ചോദ്യം കപിലിനോട് ചോദിച്ചതില്‍ ആര്‍ക്കും പ്രയാസം തോന്നിയില്ല. കാരണം ആ സമയം അങ്ങനെയാണ് സംസാരിക്കേണ്ടത്. 

ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഏതൊരു താരത്തിനും ഇങ്ങനെ തന്നെയാണ്. കപില്‍ ദേവ് ആയാലും, അനില്‍ കുംബ്ലേ ആയാലും സച്ചിന്‍ ആയാലും അങ്ങനെയാണ്. നിങ്ങളുടെ ജോലി എന്താണോ അത് ചെയ്യാനാവണം. ബാധ്യതയാവരുത്. അങ്ങനെയായാല്‍ നിങ്ങള്‍ക്കിവിടെ സ്ഥാനമില്ല, അന്‍ഷുമാന്‍ ഗയ്കവാദ് പറഞ്ഞു. 

റെക്കോര്‍ഡ് പിന്നിട്ടതിന് ശേഷം ഒരു ടെസ്റ്റ് മാത്രമാണ് കപില്‍ പിന്നെ കളിച്ചത്. ന്യൂസിലാന്‍ഡിനെതിരെ ഹാമില്‍ട്ടണിലായിരുന്നു അത്. 1994 ഒക്ടോബറില്‍ ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്‍ ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com