സെവാഗിന് വേണ്ടി സച്ചിന്‍ ഓപ്പണര്‍ സ്ഥാനം ത്യജിച്ചു, നാലാമത് ബാറ്റ് ചെയ്യാന്‍ സന്നദ്ധനായി; വെളിപ്പെടുത്തലുമായി മുന്‍ വിക്കറ്റ് കീപ്പര്‍

ഓപ്പണിങ്ങിലേക്ക് വീരേന്ദര്‍ സെവാഗിനെ കൊണ്ടുവന്നതിലെ ക്രെഡിറ്റ് സൗരവ് ഗാംഗുലിക്ക് എന്നത് പോലെ സച്ചിനുമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അജയ് രത്ര
സെവാഗിന് വേണ്ടി സച്ചിന്‍ ഓപ്പണര്‍ സ്ഥാനം ത്യജിച്ചു, നാലാമത് ബാറ്റ് ചെയ്യാന്‍ സന്നദ്ധനായി; വെളിപ്പെടുത്തലുമായി മുന്‍ വിക്കറ്റ് കീപ്പര്‍

ന്യൂഡല്‍ഹി: ഓപ്പണിങ്ങിലേക്ക് വീരേന്ദര്‍ സെവാഗിനെ കൊണ്ടുവന്നതിലെ ക്രെഡിറ്റ് സൗരവ് ഗാംഗുലിക്ക് എന്നത് പോലെ സച്ചിനുമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അജയ് രത്ര. ഓപ്പണിങ്ങില്‍ സച്ചിന്‍ മികവ് കാണിച്ചിരുന്ന സമയമായിട്ടും സെവാഗിന് വേണ്ടി മാറി കൊടുക്കാന്‍ സച്ചിന്‍ തയ്യാറായതായി അജയ് രത്ര പറയുന്നു. 

സെവാഗിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് സച്ചിന്‍ പറഞ്ഞു. അതോടെയാണ് ഗാംഗുലിക്കൊപ്പം സെവാഗ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത്. സച്ചിന്‍ അന്ന് ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല എങ്കില്‍ സെവാഗ് ബാറ്റിങ് പൊസിഷനില്‍ താഴെ ബാറ്റ് ചെയ്യേണ്ടി വരുമായിരുന്നു, അജയ് രത്ര പറഞ്ഞു. 

2001ല്‍ ശ്രീലങ്കക്കും ന്യൂസിലാന്‍ഡിനും എതിരെ ത്രിരാഷ്ട്ര പരമ്പര കളിക്കുമ്പോഴാണ് സെവാഗിനെ ഗാംഗുലി ഓപ്പണിങ്ങിലേക്ക് കൊണ്ടുവരുന്നത്. പരിക്കിനെ തുടര്‍ന്ന് സച്ചിന്‍ മാറി നില്‍ക്കുന്നു. യുവരാജ് സിങ്ങിനേയും അമേയ് ഖുറേഷിയേയും ഇറക്കിയുള്ള പരീക്ഷണം വിജയം കാണാതെ ഇന്ത്യ നില്‍ക്കുന്ന സമയം. ആദ്യ രണ്ട് മത്സരങ്ങളും തോല്‍വിയിലേക്ക് വീണതിന് പിന്നാലെ മൂന്നാമത്തേതില്‍ സെവാഗിനെ ഓപ്പണിങ്ങിലേക്ക് ഇറങ്ങി ഗാംഗുലി ചൂതാട്ടത്തിന് തയ്യാറായി. 

2001 ജൂലൈ 26ന്, ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ സെവാഗ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഓപ്പണ്‍ ചെയ്തു. വലിയ സ്‌കോര്‍ അല്ലാതിരുന്നിട്ടും ചെയ്‌സ് ചെയ്ത ഇന്ത്യ തോല്‍വിയിലേക്ക് വീണു. എന്നാല്‍ 54 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ സെവാഗായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

പിന്നാലെ വന്ന രണ്ട് കളിയിലും സെവാഗ് പരാജയപ്പെട്ടു. എന്നാല്‍ 70 പന്തില്‍ സെഞ്ചുറി കണ്ടെത്തി കിവീസിനെതിരെ ഇന്ത്യയെ ജയത്തിലേക്കും എത്തിച്ച് സെവാഗ് ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചു. ഓപ്പണിങ്ങില്‍ സെവാഗ് തിളങ്ങിയതോടെ സച്ചിന്റെ ബാറ്റിങ് പൊസിഷനായി തലവേദന. 

ത്രിരാഷ്ട്ര പരമ്പരക്ക് ശേഷം സച്ചിന്‍ ടീമിലേക്ക് മടങ്ങിയെത്തി. ഇതോടെ സെവാഗിനെ മധ്യനിരയിലേക്ക് മാറ്റി. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആറ് ഏകദിനങ്ങളുടെ പരമ്പരയുടെ മധ്യത്തോടെ സെവാഗിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നു. 51,82,42,31 എന്നിങ്ങനെയായിരുന്നു അവിടെ സെവാഗിന്റെ സ്‌കോര്‍. 

ഈ സമയം സച്ചിനൊപ്പമായിരുന്നു സെവാഗ് ഓപ്പണ്‍ ചെയ്തത്. ഗാംഗുലി മൂന്നാം സ്ഥാനത്തും. എന്നാല്‍ ഓപ്പണിങ്ങില്‍ ഇടംകൈ-വലംകൈ കോമ്പിനേഷന്‍ കൊണ്ടുവരാന്‍ വേണ്ടി നാലാം സ്ഥാനത്തേക്ക് ബാറ്റിങ്ങിന് ഇറങ്ങാന്‍ സച്ചിന്‍ തയ്യാറായി. ഇതോടെ 45ാം ഓവര്‍ വരെ ബാറ്റ് ചെയ്യുക എന്നതായി സച്ചിന്റെ ഉത്തരവാദിത്വം, രത്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com