ഭക്ഷണം കഴിക്കുമ്പോഴോ ടീം ബസിലോ ആരും എന്റെ അടുത്ത് ഇരിക്കില്ല; സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് എന്റിനി 

സൗത്ത് ആഫ്രിക്കന്‍ ടീമിനുള്ളില്‍ നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്നും, എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും എന്റിനി പറഞ്ഞു
ഭക്ഷണം കഴിക്കുമ്പോഴോ ടീം ബസിലോ ആരും എന്റെ അടുത്ത് ഇരിക്കില്ല; സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് എന്റിനി 

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഫാസ്റ്റ് ബൗളര്‍ മഖായ എന്റിനി. സൗത്ത് ആഫ്രിക്കന്‍ ടീമിനുള്ളില്‍ നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്നും, എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും എന്റിനി പറഞ്ഞു. 

എല്ലാവരും അത്താഴം കഴിക്കാന്‍ പോവുമ്പോള്‍ എന്നെ ആരും വിളിക്കില്ല. മറ്റുള്ളവര്‍ എന്റെ മുന്‍പില്‍ നിന്ന് ഓരോ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഞാന്‍ വെറുമൊരു നോക്കി കുത്തിയായി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. 

പ്രഭാത ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ എന്റെ അടുത്ത് മാത്രം ആരും വന്നിരിക്കില്ല. ഒരേ നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞിട്ടും, ഒരേ ദേശിയ ഗാനം ആലപിച്ചിട്ടും എനിക്ക് ടീമിനുള്ളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നു. ഇങ്ങനെ ഒറ്റപ്പെടല്‍ ഒഴിവാക്കാനായി ടീം ബസില്‍ യാത്ര ചെയ്യാതെ ഞാന്‍ മാറി നിന്നിട്ടുണ്ട്...

കിറ്റ് ഡ്രൈവറുടെ കൈവശം കൊടുത്തിട്ട് സ്റ്റേഡിയത്തിലേക്ക് ഞാന്‍ ഓടും. കളി കഴിഞ്ഞ് തിരികെ പോവുംമ്പോഴും ഇങ്ങനെ തന്നെയാണ് ചെയ്യുക. എന്നാല്‍ എന്തിനാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ ടീം അംഗങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഞാന്‍ എന്തിനെയാണ് അവഗണിക്കാന്‍ ശ്രമിക്കുന്നത് എന്ന് അവര്‍ക്ക് അറിയില്ല. 

ടീം ബസില്‍ സഞ്ചരിച്ചാല്‍ ഏറ്റവും പിന്നിലെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നത്. ബാക്കിയുള്ളവരെല്ലാം മുന്‍പിലേക്ക് മാറും. ടീം ജയിക്കുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. എന്നാല്‍ തോറ്റാല്‍ ആദ്യം കുറ്റപ്പെടുത്തുക എന്നെയാവും എന്നും എന്റിനി പറയുന്നു. 

തന്റെ മകന്‍ തണ്ടോയും വംശ വെറിക്ക് ഇരയായിട്ടുണ്ടെന്നും സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം പറയുന്നു. സൗത്ത് ആഫ്രിക്കയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന തണ്ടോ അധിക്ഷേപങ്ങള്‍ നേരിട്ടതോടെ കളിക്കാന്‍ പോവാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com