അവസാന അഞ്ച് വിക്കറ്റുകള്‍ വീണത് വെറും 45 റണ്‍സില്‍; ഇംഗ്ലണ്ട്- വിന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

അവസാന അഞ്ച് വിക്കറ്റുകള്‍ വീണത് വെറും 45 റണ്‍സില്‍; ഇംഗ്ലണ്ട്- വിന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
അവസാന അഞ്ച് വിക്കറ്റുകള്‍ വീണത് വെറും 45 റണ്‍സില്‍; ഇംഗ്ലണ്ട്- വിന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. 182 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 469 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ പോരാട്ടം  287 റണ്‍സില്‍ അവസാനിച്ചു.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് മൊത്തം 219 റണ്‍സ് ലീഡുണ്ട്.

കളി അവസാനിപ്പിക്കുമ്പോള്‍ 16 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സും എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ക്രീസില്‍. ജോസ് ബട്‌ലര്‍ (പൂജ്യം), ക്രാവ്‌ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കെമര്‍ റോച്ചാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

ഒരു ദിവസം മാത്രം ശേഷിക്കെ എങ്ങനെയും വിജയം  പിടിക്കാനുള്ള ലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നില്‍ കാണുന്നത്. കുറഞ്ഞ സമയത്തില്‍ പരമാവധി റണ്‍സ് കണ്ടെത്തി വിന്‍ഡീസിന് മുന്നില്‍ മികച്ച വിജയ ലക്ഷ്യം വയ്ക്കുകയെന്ന ശ്രമമാണ് ആതിഥേയര്‍ നടത്തുന്നു. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലര്‍ ചേര്‍ന്നുള്ള ഓപണിങ്. എന്നാല്‍ നേരിട്ട നാലാം പന്തില്‍ തന്നെ ബട്ര്‍ മടങ്ങി. പിന്നാലെയെത്തിയ ക്രാവലിയും വലിയ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി. രണ്ട് പേരേയും കെമര്‍ റോച്ച് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

നേരത്തെ വിന്‍ഡീസ് കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (75), ഷംമ്ര ബ്രൂക്‌സ് (68), റോസ്റ്റണ്‍ ചെയ്‌സ് (51) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് 287 റണ്‍സെടുത്തത്.  നേടി. അല്‍സാരി ജോസഫ് (32), ഷായ് ഹോപ് (25) എന്നിവരും പിടിച്ചുനിന്നു. മറ്റൊരാള്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

കാംപല്‍ (12), ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ (രണ്ട്), ബ്ലാക്ക്‌വുഡ്, ഡോവ്‌റിച്, ഗബ്രിയേല്‍ എന്നിവര്‍ പൂജ്യത്തിനും മടങ്ങി. അഞ്ച് റണ്‍സുമായി കെമാര്‍ റോച്ച് പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ജോഫ്രെ ആര്‍ച്ചര്‍ക്ക് പകരം ടീമിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സാം കറന്‍ രണ്ടും ബെസ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ബെന്‍ സ്‌റ്റോക്‌സ് (176), ഡോം സിബ്‌ലെ (120) എന്നിവരുടെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോസ് ബട്‌ലര്‍ (40), ബെസ് (പുറത്താകാതെ 26 പന്തില്‍  31) എന്നിവരും പിടിച്ചു നിന്നു. ഇവരുടെ മികവാണ് സ്‌കോര്‍ 400 കടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com