ഇന്ത്യ വിലക്കിയതോടെ സാനിയക്കും കുഞ്ഞിനുമൊപ്പം ചേരാനാവാതെ ഷുഐബ് മാലിക്ക്; വീണ്ടും ഇളവ് നല്‍കി പിസിബി

ഇന്ത്യയിലുള്ള ഭാര്യ സാനിയ മിര്‍സക്കും കുഞ്ഞിനും ഒപ്പം സമയം പങ്കിടാന്‍ വേണ്ടിയാണ് മാലിക്കിന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക ഇളവ് നല്‍കിയത്
ഇന്ത്യ വിലക്കിയതോടെ സാനിയക്കും കുഞ്ഞിനുമൊപ്പം ചേരാനാവാതെ ഷുഐബ് മാലിക്ക്; വീണ്ടും ഇളവ് നല്‍കി പിസിബി

ലാഹോര്‍: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം ഇന്ത്യ ജൂലൈ 31 വരെ വിലക്കിയതോടെ ഇംഗ്ലണ്ടിലേക്കുള്ള ഷുഐബ് മാലിക്കിന്റെ യാത്ര നീട്ടി വെക്കാന്‍ അനുവാദം നല്‍കി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയിലുള്ള ഭാര്യ സാനിയ മിര്‍സക്കും കുഞ്ഞിനും ഒപ്പം സമയം പങ്കിടാന്‍ വേണ്ടിയാണ് മാലിക്കിന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക ഇളവ് നല്‍കിയത്. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് സംഘത്തിനൊപ്പം മാലിക് യാത്ര തിരിച്ചിരുന്നില്ല. എന്നാല്‍ രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടിയതോടെ മാലിക്കിന് അത് തിരിച്ചടിയായി. ഇതോടെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനുള്ള സമയം മാലിക്കിന് പാക് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും നീട്ടി നല്‍കുകയാണ് ഇപ്പോള്‍. 

നേരത്തെ ജൂലൈ 24ന് മുന്‍പ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടണം എന്നായിരുന്നു മാലിക്കിനോട് നിര്‍ദേശിച്ചിരുന്നത്. എന്നാലിപ്പോള്‍ സമയം ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച വരെ പാക് ക്രിക്കറ്റ് ബോര്‍ഡ് നീട്ടി. ഓഗസ്റ്റ് 28ന് മാഞ്ചസ്റ്ററിലാണ് ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ട്വന്റി20. 

കോവിഡിനെ തുടര്‍ന്ന് ആറ് മാസത്തോളമായി ഇന്ത്യയിലും പാകിസ്ഥാനിലുമായി കഴിയുകയാണ് മാലിക്കും സാനിയയും. മാനുഷിക പരിഗണന നല്‍കിയാണ് മാലിക്കിന് കുടുംബത്തിനൊപ്പം ചേരാന്‍ ഇളവുകള്‍ നല്‍കിയത് എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com