ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം മെഹ്താബ് ഹുസെയ്ന്‍ ബിജെപിയില്‍ 

'ജനസേവനത്തിന് രാഷ്ട്രിയത്തില്‍ ഇറങ്ങുകയാണ് ഏറ്റവും നല്ല വഴിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ തീരുമാനം'
ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം മെഹ്താബ് ഹുസെയ്ന്‍ ബിജെപിയില്‍ 

കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം മെഹ്താബ് ഹുസെയ്ന്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച വൈകുന്നേരം ബംഗാളിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം മെഹ്താബ് സ്ഥിരീകരിച്ചു. 

ജനങ്ങള്‍ക്ക് വേണ്ടി ഏറെ നാള്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ജനസേവനത്തിന് രാഷ്ട്രിയത്തില്‍ ഇറങ്ങുകയാണ് ഏറ്റവും നല്ല വഴിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ തീരുമാനം. രാഷ്ട്രിയത്തിലൂടെ സാധാരണക്കാരെ സഹായിക്കാനാവുമെന്നും മെഹ്താബ് പറഞ്ഞു. 

2005 മുതല്‍ 2014 വരെ ഇന്ത്യക്ക് വേണ്ടി കളിച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ് മെഹ്താബ്. 10 സീസണില്‍ ഈസ്റ്റ് ബംഗാളിനായും കളിച്ചു. മോഹന്‍ ബഗാന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2014 മുതല്‍ 2016 വരെ വായ്പ അടിസ്ഥാനത്തിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. 

ഒരാഴ്ച മുന്‍പാണ് മെഹ്താബ് ബിജെപിയില്‍ അംഗത്വമെടുത്തത്. ബംഗാളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് മെഹ്താബിന്റെ ലക്ഷ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തന്നെ വിളിച്ച് സംസാരിച്ചതിലൂടെയാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും മെഹ്താബ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com