സ്‌റ്റോക്ക്‌സിന്റെ മികവ് വാക്കുകള്‍ക്ക് അതീതം, എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായി വളരുന്നു: ആന്‍ഡേഴ്‌സന്‍

ക്രിക്കറ്റ് ലോകം സ്‌റ്റോക്ക്‌സിനെ പുകഴ്ത്തുന്നതിന് ഇടയില്‍ സഹതാരം ജെയിംസ് ആന്‍ഡേഴ്‌സനും മാറി നില്‍ക്കുന്നില്ല
സ്‌റ്റോക്ക്‌സിന്റെ മികവ് വാക്കുകള്‍ക്ക് അതീതം, എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായി വളരുന്നു: ആന്‍ഡേഴ്‌സന്‍

മാഞ്ചസ്റ്റര്‍: സതാംപ്ടണിലെ ആദ്യ ടെസ്റ്റില്‍ നായകനായെടുത്ത തീരുമാനങ്ങള്‍ സൃഷ്ടിച്ച ക്ഷീണം രണ്ടാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്ക്‌സ് മറികടന്നു. മാത്രമല്ല, ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍ എന്ന വിശേഷണത്തിന് താന്‍ യോഗ്യനാണെന്ന് ഒരിക്കല്‍ കൂടി സ്‌റ്റോക്ക്‌സ് തെളിയിക്കുകയും ചെയ്തു. ക്രിക്കറ്റ് ലോകം സ്‌റ്റോക്ക്‌സിനെ പുകഴ്ത്തുന്നതിന് ഇടയില്‍ സഹതാരം ജെയിംസ് ആന്‍ഡേഴ്‌സനും മാറി നില്‍ക്കുന്നില്ല. 

ഇംഗ്ലണ്ട് കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായി മാറുകയാണ് സ്റ്റോക്ക്‌സ്. എനിക്കൊപ്പം കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ സ്റ്റോക്ക്‌സ് ആണെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു. ഇതിലും മികവ് കാണിക്കാന്‍ സ്റ്റോക്ക്‌സിന് മുന്‍പില്‍ ഒരു തടസവും ഇല്ല. ബാറ്റിങ്ങില്‍ 40 ആണ് സ്റ്റോക്ക്‌സിന്റെ ശരാശരി. ബൗളിങ്ങില്‍ 30ല്‍ താഴേയും. ഫീല്‍ഡില്‍ മികച്ച ക്യാച്ചുകളും വരുന്നു. സ്റ്റോക്ക്‌സിന്റെ ടീമില്‍ കിട്ടിയത് ഭാഗ്യമാണെന്നും ആന്‍ഡേഴ്‌സന്‍ പറയുന്നു. 

സ്റ്റോക്ക്‌സിനെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ബാറ്റ്‌സ്മാനായാണ് ഓരോ ടീമിലേക്കും സ്‌റ്റോക്ക്‌സ് എത്തുന്നത്. എന്നാല്‍ ഓരോ തവണ കളിക്കളത്തിലേക്ക് എത്തുമ്പോഴും സ്‌റ്റോക്ക്‌സിന്റെ ബൗളിങ് മെച്ചപ്പെടുന്നതായും ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാണിച്ചു. 

മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സ്‌റ്റോക്ക്‌സിന്റെ രണ്ട് ഇന്നിങ്‌സിലേയും ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിനെ തുണച്ചത്. ആദ്യ ഇന്നിങ്‌സില്‍ പിടിച്ചു നിന്ന് 176 റണ്‍സ് കണ്ടെത്തിയ സ്റ്റോക്ക്‌സ് രണ്ടാം ഇന്നിങ്‌സില്‍ 57 പന്തില്‍ നിന്ന് 78 റണ്‍സും കണ്ടെത്തി സമനിലയുടെ വിരസതയിലേക്ക് തള്ളി വിടാതെ ജയം പിടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com