500 വിക്കറ്റ് ക്ലബിലേക്ക് സ്റ്റുവര്‍ക്ക് ബ്രോഡ്, ആരാണ് അടുത്തത്? ഇനി വര്‍ഷങ്ങളെടുക്കും!

മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് മഴ മാറി നിന്നാല്‍ ബ്രോഡിന് മുന്‍പില്‍ സാധ്യതകളെല്ലാം അനുകൂലമാണ്...
500 വിക്കറ്റ് ക്ലബിലേക്ക് സ്റ്റുവര്‍ക്ക് ബ്രോഡ്, ആരാണ് അടുത്തത്? ഇനി വര്‍ഷങ്ങളെടുക്കും!

മാഞ്ചസ്റ്ററില്‍ തിങ്കളാഴ്ച മഴ കളി മുടക്കിയതോടെ 500 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്താനുള്ള ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ കാത്തിരിപ്പ് ഒരു ദിവസം കൂടി നീണ്ടു. മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് മഴ മാറി നിന്നാല്‍ ബ്രോഡിന് മുന്‍പില്‍ സാധ്യതകളെല്ലാം അനുകൂലമാണ്...ബ്രോഡ് 500 വിക്കറ്റ് കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ ഈ നേട്ടത്തിലേക്ക് എത്താന്‍ സാധ്യതയുള്ള ഫാസ്റ്റ് ബൗളര്‍ ആരാണ്?

അടുത്ത് തന്നെ 500 തൊടാന്‍ സാധ്യതയുള്ള സ്പിന്നര്‍മാരുണ്ട്. 390 വിക്കറ്റുമായി ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. 365 വിക്കറ്റുമായി ആര്‍ അശ്വിന്‍. എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരിലേക്ക് എത്തിയാല്‍ അടുത്ത് തന്നെ 500 കണ്ടെത്താന്‍ പോവുന്നവരില്ല. ഡെയ്ല്‍ സ്‌റ്റെയ്‌നിനായിരുന്നു സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ 439 വിക്കറ്റില്‍ നില്‍ക്കെ സ്‌റ്റെയിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. 

297 വിക്കറ്റ് വീഴ്ത്തി നില്‍ക്കുന്ന ഇഷാന്ത് ശര്‍മയാണ് പിന്നെയുള്ളത്. 14 വര്‍ഷത്തെ കരിയറില്‍ 97 ടെസ്റ്റില്‍ നിന്നാണ് ഇഷാന്ത് 297 വിക്കറ്റ് വീഴ്ത്തിയത്. ഇപ്പോള്‍ ഇഷാന്തിന്റെ പ്രായം 31. അങ്ങനെ വരുമ്പോള്‍ 500 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്താന്‍ ഇഷാന്തിന് മുന്‍പിലുള്ള സാധ്യതകള്‍ വിരളമാണ്. 

284 വിക്കറ്റ് വീഴ്ത്തി ടിം സൗത്തിയും 267 വിക്കറ്റ് വീഴ്ത്തി ട്രെന്റ് ബൗള്‍ട്ടുമാണ് പിന്നെയുള്ളത്. ഇരുവരുടേയും പ്രായം 31 കടന്നു. 10 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ നിന്ന് 244 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, 206 വിക്കറ്റ് വീഴ്ത്തിയ മുപ്പത്തിനാലുകാരന്‍ വാഗ്നര്‍, 201 വിക്കറ്റ് വീഴ്ത്തിയ കെമര്‍ റോച്ച് എന്നിവര്‍ 500 മാര്‍ക്ക് തികയ്ക്കാനുള്ള സാധ്യതകള്‍ വിദൂരതയിലാണ്. 

ഫാസ്റ്റ് ബൗളര്‍മാരുടെ വിക്കറ്റ് വേട്ടയില്‍ 589 വിക്കറ്റോടെ ആന്‍ഡേഴ്‌സനാണ് മുന്‍പില്‍. 563 വിക്കറ്റോടെ മഗ്രാത്ത് രണ്ടാമത്. ഏറ്റവും വേഗത്തില്‍ 500 വിക്കറ്റ് തികച്ച കേര്‍ട്ട്‌നി വാള്‍ഷ് ആണ് മൂന്നാമത്. 132 ടെസ്റ്റില്‍ നിന്ന് 519 വിക്കറ്റോടെയാണ് വാള്‍ഷ് കളി അവസാനിപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com