ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിക്കുമെന്ന് കരുതി, ഒന്നുമുണ്ടായില്ല; വാക്കു പാലിക്കാന്‍ തയ്യാറായില്ലെന്ന് വിമര്‍ശനം

ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിക്കുമെന്ന് കരുതി, ഒന്നുമുണ്ടായില്ല; വാക്കു പാലിക്കാന്‍ തയ്യാറായില്ലെന്ന് വിമര്‍ശനം

കോവിഡിനെ തുടര്‍ന്ന് തങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ സഹായിക്കാന്‍ ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ല

മുംബൈ: ബിസിസിഐ തലപ്പത്തേക്ക് ഗാംഗുലി എത്തിയപ്പോഴുണ്ടായ പ്രതീക്ഷക്കൊത്ത് അദ്ദേഹം ഉയര്‍ന്നില്ലെന്ന് വിമര്‍ശനം. ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രവി ചൗഹാനാണ് വിമര്‍ശനവുമായി എത്തിയത്. 

ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ ഗാംഗുലി പൂര്‍ണമായും നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. കോവിഡിനെ തുടര്‍ന്ന് തങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ സഹായിക്കാന്‍ ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ല. നായകനായതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖച്ഛായ മാറ്റിയത് പോലെ, ബിസിസിഐ പ്രസിഡന്റ് ആയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. 

തങ്ങളുടെ രക്ഷകനായി ഒരാള്‍ എത്തിയിരിക്കുന്നു എന്ന് ഭിന്നശേഷിക്കാരായ താരങ്ങളും കരുതി. ഭിന്നശേഷിക്കാരായ ഏതാനും താരങ്ങളുമായി ഗാംഗുലി പലവട്ടം കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ പ്രതീക്ഷ കൂടി. എന്നാല്‍ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല, തന്റെ പ്രസ്താവനയില്‍ ചൗഹാന്‍ പറയുന്നു. 

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഭിന്നശേഷിക്കാരായ കളിക്കാരില്‍ പലരും കോവിഡ് കാലത്ത് കൂലിപ്പണിക്ക് പോവുന്നത് കണ്ടു. ഭിന്നശേഷിക്കാരായ താരങ്ങള്‍ക്ക് ഇവിടുത്ത സര്‍ക്കാരും ബിസിസിഐയും എന്ത് പരിഗണനയാണ് നല്‍കുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com