സുരക്ഷാ കുമിളക്കുള്ളില്‍ ഐപിഎല്‍; ഭാര്യമാര്‍, ടീം ബസ് ഡ്രൈവര്‍, താമസ സൗകര്യം എന്നിവ ബിസിസിഐക്ക് തലവേദന

രണ്ട് മാസക്കാലം കളിക്കാരെ കുടുംബാംഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് എതിരായ നിലപാടാണ് ബിസിസിഐക്കുള്ളത്
സുരക്ഷാ കുമിളക്കുള്ളില്‍ ഐപിഎല്‍; ഭാര്യമാര്‍, ടീം ബസ് ഡ്രൈവര്‍, താമസ സൗകര്യം എന്നിവ ബിസിസിഐക്ക് തലവേദന

ന്യൂഡല്‍ഹി: യുഎഇയില്‍ സുരക്ഷാ കുമിളക്കുള്ളില്‍ ഐപിഎല്‍ നടത്താന്‍ ലക്ഷ്യമിടുന്ന ബിസിസിഐക്ക് മുന്‍പില്‍ കടമ്പകള്‍ നിരവധി. കളിക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കുന്നത് മുതല്‍ കളിക്കാരുടെ താമസ സൗകര്യം എങ്ങനെ വേണം എന്നതില്‍ അടക്കം ബിസിസിഐക്ക് ഉത്തരം കിട്ടണം. 

രണ്ട് മാസക്കാലം കളിക്കാരെ കുടുംബാംഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് എതിരായ നിലപാടാണ് ബിസിസിഐക്കുള്ളത്. കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുവദിച്ചാല്‍ മുറിക്കുള്ളില്‍ തന്നെ കഴിയാന്‍ ഇവരെ നിര്‍ബന്ധിക്കേണ്ടി വരുമോ എന്ന ചോദ്യവും ബിസിസിഐ വൃത്തങ്ങള്‍ ഉന്നയിക്കുന്നു. മൂന്ന് വയസിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള കളിക്കാരുണ്ട്. ഇവര്‍ക്ക് രണ്ട് മാസം മുറിക്കുള്ളില്‍ മാത്രമായി കഴിയുക ബുദ്ധിമുട്ടാവും. 

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് സാധാരണ ടീമുകള്‍ കഴിയുക. എന്നാല്‍, മറ്റ് സന്ദര്‍ശകരെ അനുവദിക്കാതെ ഏതാനും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വാടകയ്ക്ക് എടുക്കുക പ്രയാസമാവും എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. 

മുംബൈ ഇന്ത്യന്‍സിന് കഴിയുന്നത് പോലെ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും സാധിക്കണമെന്നില്ല. പ്രൈവറ്റ് ജെറ്റ്‌സും, തങ്ങളുടെ തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാരെ എത്തിക്കാനും, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വാടകയ്‌ക്കെടുക്കാനും അവര്‍ക്കാവും. അങ്ങനെ വരുമ്പോള്‍ ത്രീ സ്റ്റാര്‍ നിലവാരത്തിലെ ബീച്ച് റിസോര്‍ട്ട് പോലുള്ളവ ഫ്രാഞ്ചൈസികള്‍ തെരഞ്ഞെടുത്തേക്കും. 

ആതിഥേയ രാജ്യങ്ങളാണ് ടീം ബസ് അനുവദിക്കുന്നത്. യുഎഇ ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്നായിരിക്കും കളിക്കാരെ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുപോവുന്ന ടീം ബസ് ഒരുക്കുക. ഒരു ദിവസത്തെ കളി കഴിഞ്ഞാല്‍ ടീം ബസ് ഡ്രൈവര്‍മാര്‍ വീട്ടിലേക്ക് പോവുകയാണ് പതിവ്. എന്നാല്‍ സുരക്ഷാ കുമിളക്കുള്ളില്‍ കളി വരുമ്പോള്‍ 2 മാസം ഡ്രൈവര്‍മാരോട് തങ്ങാന്‍ നിര്‍ദേശം നല്‍കേണ്ടി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com