'20 അംഗ ടീമില്‍ 22 പേസര്‍മാരുണ്ട്', പാക് ടീം സെലക്ഷനെ പരിഹസിച്ച് അക്തര്‍

'അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്. ഇവരെന്താണ് ഈ ചെയ്യുന്നത്? ഇംഗ്ലണ്ടിനെതിരായ 20 അംഗ ടീമില്‍ 22 പേസര്‍മാരാണല്ലോ...'
'20 അംഗ ടീമില്‍ 22 പേസര്‍മാരുണ്ട്', പാക് ടീം സെലക്ഷനെ പരിഹസിച്ച് അക്തര്‍

ലാഹോര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള പാക് ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. 20 അംഗ പാക് ടീമില്‍ 22 പേസര്‍മാര്‍ എന്ന് പറഞ്ഞാണ് അക്തറിന്റെ പരിഹാസം. 

അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്. ഇവരെന്താണ് ഈ ചെയ്യുന്നത്? ഇംഗ്ലണ്ടിനെതിരായ 20 അംഗ ടീമില്‍ 22 പേസര്‍മാരാണല്ലോ..ഇവരില്‍ ആരെയാവും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുക? എന്താണ് ടീം മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നതെന്നാവോ...ഇംഗ്ലണ്ടില്‍ ഏത് നിലയിലുള്ള പിച്ചുകളിലായിരിക്കും കളിക്കേണ്ടത് എന്ന് ഇവര്‍ക്ക് ഒരു ധാരണയുമില്ല. അന്തിമ ഇലവനെ പ്രഖ്യാപിച്ച് കഴിയുമ്പോള്‍ മാത്രമേ ഇവരെന്താണ് ലക്ഷ്യം വെച്ചത് എന്ന് നമുക്ക് മനസിലാവുകയുള്ളു, അക്തര്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ ആക്രമിച്ച് കളിക്കാനായിരിക്കുമോ, പ്രതിരോധിക്കാനായിരിക്കുമോ പാകിസ്ഥാന്റെ സമീപനം എന്ന് കാത്തിരുന്ന് കാണാം. പാക് ടെസ്റ്റ് നായകന്‍ അസ്ഹര്‍ അലിയില്‍ എന്തായാലും ആക്രമണോത്സുകതയൊന്നും ഞാന്‍ കാണുന്നില്ല. 20 അംഗ സംഘത്തെ തെരഞ്ഞെടുക്കുന്നതില്‍ തന്നെ പിഴവ് വന്ന് കഴിഞ്ഞു. അതുകൊണ്ട് അന്തിമ പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുക പ്രയാസമായിരിക്കും. 

40 പേരുള്‍പ്പെട്ട ടീമിനെ അയച്ചാലും അതില്‍ നിന്ന് മികച്ച സംഘത്തെ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കളിയില്‍ ആദ്യ പന്ത് മുതല്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയാല്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളെന്നും അക്തര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com