ഒരോവര്‍ എറിയാന്‍ ശ്രീശാന്ത് 7-8 മിനിറ്റ് എടുത്തു; ഇതോടെ ധോനിയെ വിലക്കുമെന്ന് അമ്പയര്‍; അവധി ആയിക്കോട്ടേയെന്ന് ക്യാപ്റ്റന്‍ കൂള്‍

2010ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ഇടയിലുള്ള സംഭവമാണ് ഇത്
ഒരോവര്‍ എറിയാന്‍ ശ്രീശാന്ത് 7-8 മിനിറ്റ് എടുത്തു; ഇതോടെ ധോനിയെ വിലക്കുമെന്ന് അമ്പയര്‍; അവധി ആയിക്കോട്ടേയെന്ന് ക്യാപ്റ്റന്‍ കൂള്‍

മുംബൈ: എന്തുകൊണ്ട് ധോനിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളിലൊന്ന് വെളിപ്പെടുത്തുകയാണ് ഐസിസി മുന്‍ അമ്പയര്‍ സൈമണ്‍ ടോഫല്‍. 2010ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ഇടയിലുള്ള സംഭവമാണ് ഇത്. 

ഡര്‍ബനില്‍ നടന്ന ടെസ്റ്റില്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ ശ്രീശാന്ത് കൂടുതല്‍ സമയം എടുത്തു. ഇതോടെ കുറഞ്ഞ ഓവര്‍ നിരക്കിന് ധോനിയില്‍ നിന്ന് പിഴയീടാക്കി. നടപടി ക്രമങ്ങള്‍ വിശദീകരിക്കാന്‍ ധോനിയുടെ പക്കലേക്ക് ടോഫലും സഹ അമ്പയറുമെത്തി. 

അന്ന് ഒരു ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ ശ്രീശാന്ത് 7-8 മിനിറ്റ് എടുത്തു. ഡര്‍ബനില്‍ നടക്കുന്ന അടുത്ത ടെസ്റ്റിലും ഓവര്‍ നിരക്കിന്റെ പ്രശ്‌നം വന്നാല്‍ ഒരു കളിയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്ന് ധോനിയെ അറിയിച്ചു. എന്നാല്‍, അതില്‍ കുഴപ്പമില്ല, എനിക്കെന്തായാലും ഒരു അവധി വേണം എന്നായിരുന്നു അവിടെ ധോനി ഞങ്ങളോട് പറഞ്ഞത്, ടോഫല്‍ പറയുന്നു. 

ഒരു കളിയില്‍ നിന്ന് മാറി നില്‍ക്കുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ശ്രീശാന്ത് ഈ ടെസ്റ്റില്‍ കളിക്കുന്നില്ല, അതുകൊണ്ട് പ്രശ്‌നമില്ല എന്നും ധോനി ഞങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ഡ്രസിങ് റൂമിലെത്തി ഓവര്‍ നിരക്കിനേയും വിലക്കിനേയും കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഇരിക്കുന്ന കസേരയെ കുറിച്ചാണ് ധോനി പറഞ്ഞു കൊണ്ടിരുന്നത്. 

ഈ കസേര കൊള്ളാമെന്നും, വീട്ടില്‍ കൊണ്ടുപോയാലോ എന്ന് ആലോചിക്കുകയാണെന്നും ധോനി പറഞ്ഞു. വിലക്കിനെ കുറിച്ചെല്ലാം പറയുമ്പോള്‍ വളരെ ശാന്തനായി ഇരുന്ന് മറ്റ് കാര്യങ്ങള്‍ ഞങ്ങളോട് പറയുകയായിരുന്നു ധോനി, ടോഫല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com