ഐപിഎല്ലിന്റെ തുടക്കം സൗത്ത് ആഫ്രിക്കന്‍ കളിക്കാര്‍ക്ക് നഷ്ടമായേക്കും; ഡിവില്ലിയേഴ്‌സിന്റെയടക്കം വരവ് പ്രതിസന്ധിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2020 10:53 AM  |  

Last Updated: 31st July 2020 10:53 AM  |   A+A-   |  

kohli_devilliers

 

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എ ബി ഡി വില്ലിയേഴ്‌സ് ഉള്‍പ്പെടെയുള്ള സൗത്ത് ആഫ്രിക്കന്‍ കളിക്കാര്‍ക്ക് ഐപിഎല്ലിന്റെ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് സൂചന. കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് സൗത്ത് ആഫ്രിക്ക ലോക്ക്ഡൗണില്‍ തുടരുകയാണ്. സെപ്തംബറിന് ശേഷം മാത്രമാണ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുക. 

സൗത്ത് ആഫ്രിക്കയുടെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് അഞ്ച് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ക്ക് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറേണ്ടി വന്നു. ഓഗസ്റ്റ് 18നാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ കഴിയുന്ന സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹീര്‍ സിപിഎല്ലില്‍ കളിക്കും. 

സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ യുഎഇയിലേക്ക് എത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ പരമാവധി ശ്രമിക്കുമെന്ന് വ്യക്തമാണ്. ഡിവില്ലിയേഴ്‌സ്, സ്റ്റെയിന്‍, ഡികോക്ക്, ക്രിസ് മോറിസ് എന്നിവര്‍ക്ക് എത്താനായില്ലെങ്കില്‍ അത് ടീമുകള്‍ക്ക് തിരിച്ചടിയാണ്. 

10 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെയാണ് ഐപിഎല്‍. യുഎഇയില്‍ എത്തി കഴിഞ്ഞാല്‍ കളിക്കാര്‍ക്ക് സുരക്ഷാ കവചത്തില്‍ നിന്ന് പുറത്ത് പോവാനാവില്ല.