ക്യാപ്റ്റനായി ഗൗതം ഗംഭീറിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കണമായിരുന്നു; കണക്കുകളില്‍ ചൂണ്ടി ഇര്‍ഫാന്‍ പഠാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2020 11:55 AM  |  

Last Updated: 31st July 2020 11:55 AM  |   A+A-   |  

gautam_gambhir_1

 

ബറോഡ: ഇന്ത്യയെ നയിക്കാന്‍ ഗൗതം ഗംഭീറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. നല്ല നേതാവാകാന്‍ ഗംഭീറിന് കഴിയുമായിരുന്നു എന്ന് പഠാന്‍ ചൂണ്ടിക്കാട്ടുന്നു. 

സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലേ എന്നിവരോട് വലിയ ബഹുമാനമാണ് എനിക്കുള്ളത്. എങ്കിലും ഗൗതം ഗംഭീറിന് ക്യാപ്റ്റനായി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്ന് തോന്നിയിട്ടുണ്ട്. വിരാട് കോഹ് ലിയേയും രോഹിത് ശര്‍മയേയും ഞാന്‍ ആരാധിക്കുന്നുണ്ട്. എന്നാല്‍ അതിനര്‍ഥം ധോനിയുടെ കഴിവുകളെ ഞാന്‍ ആരാധിക്കുന്നില്ല എന്നല്ല, പഠാന്‍ പറഞ്ഞു. 

ആറ് ഏകദിനങ്ങളാണ് ഗംഭീറിന് കീഴില്‍ ഇന്ത്യ ജയിച്ചത്. 5-0ന് ന്യൂസിലാന്‍ഡിനെ വൈറ്റ് വാഷ് ചെയ്തതും ഇതില്‍ ഉള്‍പ്പെടുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചും ഗംഭീര്‍ നായകത്വത്തിലെ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2011ല്‍ കൊല്‍ക്കത്തയുടെ നായകനായ ഗംഭീര്‍ 2012ലും 2014ലും ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 

മികച്ച ക്യാപ്റ്റന്മാരെ വിലയിരുത്തുമ്പോള്‍ ദ്രാവിഡിനെ അവഗണിക്കുകയാണന്നും പഠാന്‍ പറഞ്ഞിരുന്നു. ദ്രാവിഡിന് കീഴിലാണ് 16 ഏകദിനങ്ങളില്‍ നമ്മള്‍ തുടരെ ചെയ്‌സ് ചെയ്ത് ജയം പിടിച്ചത് എന്നും ദ്രാവിഡിന്റെ മികവ് ചൂണ്ടിക്കാട്ടി പഠാന്‍ പറഞ്ഞു.