ലിവർപൂളിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ലംപാർഡ്; ജർമൻ സൂപ്പർ സ്ട്രൈക്കറെ ചെൽസി റാഞ്ചി

ലിവർപൂളിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ലംപാർഡ്; ജർമൻ സൂപ്പർ സ്ട്രൈക്കറെ ചെൽസി റാഞ്ചി
ലിവർപൂളിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ലംപാർഡ്; ജർമൻ സൂപ്പർ സ്ട്രൈക്കറെ ചെൽസി റാഞ്ചി

ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമം. ജര്‍മന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ടിമോ വെര്‍ണര്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയിലേക്ക്. 

ബുണ്ടസ് ലീഗയില്‍ ആര്‍പി ലെയ്പ്‌സിഗിന്റെ താരമായ വെര്‍ണറെ ടീമിലെത്തിക്കാന്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം കടത്തിവെട്ടിയാണ് ചെല്‍സി 24കാരനായ സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്. ലിവർപൂളിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് ചെല്‍സി കോച്ച് ഫ്രാങ്ക് ലംപാര്‍ഡ് ജര്‍മന്‍ യുവ താരത്തെ സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്. 

ദി ഡെയ്‌ലി ടെലഗ്രാഫാണ് വെര്‍ണര്‍ ചെല്‍സിയുമായി കരാറിലെത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഏതാണ്ട് 514 കോടി രൂപയോളം മുടക്കിയാണ് താരത്തെ ചെല്‍സി ടീമിലെത്തിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 വരെയാണ് ജര്‍മന്‍ താരം ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടത്. 

ഈ സീസണില്‍ ലെയ്പ്‌സിഗിനായി മിന്നും ഫോമിലാണ് താരം. ടീമിനായി എല്ലാ കളികളില്‍ നിന്നുമായി വെര്‍ണര്‍ ഇതുവരെ 32 ഗോളുകള്‍ ഈ സീസണില്‍ നേടിക്കഴിഞ്ഞു. ഇതില്‍ 25 ഗോളുകള്‍ ബുണ്ടസ് ലീഗ പോരാട്ടത്തിലാണ്. 

അടുത്ത സീസണ്‍ ലക്ഷ്യമിട്ട് ചെല്‍സി ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ സൈനിങാണ് വെര്‍ണര്‍. നേരത്തെ അയാക്‌സ് വിങര്‍ ഹകിം സിയാചിനെ ഇംഗ്ലീഷ് കരുത്തര്‍ ടീമിലെത്തിച്ചിരുന്നു. 

2016ല്‍ സ്റ്റുര്‍ട്ഗര്‍ട്ടില്‍ നിന്നാണ് വെര്‍ണര്‍ ലെയ്പ്‌സിഗിലെത്തുന്നത്. ടീമിനായി ഇതുവരെ 154 മത്സരങ്ങള്‍ കളിച്ച വെര്‍ണര്‍ 92 ഗോളുകളും വലയിലാക്കി. ജര്‍മനിക്കായി 29 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച വെര്‍ണര്‍ 11 ഗോളുകളും നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com