‘സാങ്കേതിക ഭദ്രത, സെവാ​ഗിന്റെ മികവ്, പക്ഷേ സച്ചിന്റെ നിഴലിലായിപ്പോയ താരം‘- ‘വൻമതിലി’നെക്കുറിച്ച് മുൻ പാക് നായകൻ

‘സാങ്കേതിക ഭദ്രത, സെവാ​ഗിന്റെ മികവ്, പക്ഷേ സച്ചിന്റെ നിഴലിലായിപ്പോയ താരം‘- ‘വൻമതിലി’നെക്കുറിച്ച് മുൻ പാക് നായകൻ
‘സാങ്കേതിക ഭദ്രത, സെവാ​ഗിന്റെ മികവ്, പക്ഷേ സച്ചിന്റെ നിഴലിലായിപ്പോയ താരം‘- ‘വൻമതിലി’നെക്കുറിച്ച് മുൻ പാക് നായകൻ

കറാച്ചി: ഇന്ത്യൻ‌ ടീമിൽ കളിച്ചിട്ടുള്ള താരങ്ങളിൽ വച്ച് സാങ്കേതിക ഭ​ദ്രതയും സമ്മർദ്ദ ഘട്ടങ്ങളിലെ ബാറ്റിങ്ങിലും മറ്റെല്ലാവരേക്കാളും ഒരുപടി മുന്നിൽ നിന്ന താരം രാഹുൽ ദ്രാവിഡാണെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ റഷീ​ദ് ലത്തീഫ്. സച്ചിൻ ടെണ്ടുൽക്കറുടെ നിഴലിൽ ഒതുങ്ങിപ്പോയതാണ് രാഹുലിന്റെ കരിയറെന്നും റഷീദ് പറയുന്നു. 

ഒരു യുട്യൂബ് ചാനലിലെ വിഡിയോയിലാണ് ലത്തീഫ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാനുവേണ്ടി 37 ടെസ്റ്റും 166 ഏകദിനവും കളിച്ച താരമാണ് മുൻ ക്യാപ്റ്റൻ കൂടിയായ ലത്തീഫ്. വിക്കറ്റ് കീപ്പറായിരുന്നതിനാൽ ദ്രാവി‍ഡ് ഉൾപ്പെടെയുള്ള താരങ്ങളുടെ ബാറ്റിങ് തൊട്ടടുത്തുനിന്ന് കണ്ടിട്ടുള്ള താരവുമാണ് ലത്തീഫ്.

‘സെവാഗിനേപ്പോലെ മികവുണ്ടായിട്ടും സച്ചിൻ ടെണ്ടുൽക്കറിന്റെ നിഴലിലായിപ്പോയ താരമാണ് ദ്രാവിഡ്. തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന കാര്യത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ദ്രാവിഡിന് ഈ ഗുണമില്ലായിരുന്നുവെന്നല്ല പറയുന്നത്. അദ്ദേഹത്തിന്റെ റോൾ വേറെയായിരുന്നു. ഇന്ത്യയ്ക്ക് തുടക്കത്തിൽത്തന്നെ വിക്കറ്റ് നഷ്ടമാകുന്ന ഘട്ടങ്ങളിലെല്ലാം ദ്രാവിഡായിരുന്നു രക്ഷകൻ. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ ‘വൻമതിൽ’ എന്ന് വിളിക്കുന്നത്’– ലത്തീഫ് ചൂണ്ടിക്കാട്ടി.

‘ഇന്ത്യയ്‌ക്കായി പടുത്തുയർത്തിയ കൂട്ടുകെട്ടുകളുടെ കണക്കു നോക്കൂ. അപ്പോൾ അറിയാം ദ്രാവിഡിന്റെ മികവ്. സച്ചിൻ ടെണ്ടൽക്കർ, വീരേന്ദർ‌ സേവാഗ്, സൗരവ് ഗാംഗുലി എന്നിവർക്കെല്ലാം ഒപ്പം ഏറ്റവും കൂടുതൽ മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ താരം ദ്രാവിഡായിരിക്കും’ – ലത്തീഫ് പറഞ്ഞു.

‘ലോകത്തിന്റെ ഏതു കോണിലും ഏത് എതിരാളികൾക്കുമെതിരെ റൺസ് നേടാനുള്ള മികവാണ് ദ്രാവിഡിനെ വ്യത്യസ്തനാക്കുന്നത്. ദ്രാവിഡ് റൺസ് നേടാൻ ബുദ്ധിമുട്ടിയിട്ടുള്ള ഒരു രാജ്യമെങ്കിലും പറയാമോ? പാകിസ്ഥാനെതിരെയും മികച്ച പ്രകടനമായിരുന്നു ദ്രാവിഡിന്റേത്. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും വെസ്റ്റിൻഡീസിലും ഇംഗ്ലണ്ടിലുമെല്ലാം ദ്രാവിഡിന്റെ മികവ് നാം കണ്ടിട്ടുണ്ട്’– മുൻ പാക് നായകൻ പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ ദ്രാവിഡ് നേടിയ കന്നി സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 1996–97 സീസണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ദ്രാവിഡ് നേടിയ സെഞ്ച്വറി എനിക്ക് ഓർമയുണ്ട്. അന്ന് ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ദ്രാവിഡ് രണ്ടാം ഇന്നിങ്സിൽ 81 റൺസുമെടുത്തെന്നാണ് എന്റെ ഓർമ’ – ലത്തീഫ് പറഞ്ഞു.

ഏകദിനത്തിലും ടെസ്റ്റിലും 10,000 റൺസ് പിന്നിട്ട രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് ദ്രാവിഡ്. സച്ചിനാണ് ഒന്നാമൻ. 164 ടെസ്റ്റും 344 ഏകദിനങ്ങവും ഒരേയൊരു ടി20 മത്സരവും ഉൾപ്പെട്ട രാജ്യാന്തര കരിയറിന് 2012ലാണ് ദ്രാവിഡ് തിരശീലയിട്ടത്. ടെസ്റ്റിൽ 52.31 ശരാശരിയിൽ 13,288 റൺസും ഏകദിനത്തിൽ 39.16 ശരാശരിയിൽ 10,889 റൺസും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com