കൊച്ചിയില്‍ ക്രിക്കറ്റ് അനുവദിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക്, നിലപാട് കടുപ്പിച്ച് കെസിഎ

ജിസിഡിഎയുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്‍പോട്ട് പോവാനാണ് കെസിഎയുടെ തീരുമാനം
കൊച്ചിയില്‍ ക്രിക്കറ്റ് അനുവദിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക്, നിലപാട് കടുപ്പിച്ച് കെസിഎ

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരത്തിനും വേദിയാക്കാന്‍ അനുവദിക്കണം എന്ന ആവശ്യം ശക്തമാക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇത് ആവശ്യപ്പെട്ട് ജിസിഡിഎക്ക് വീണ്ടും കത്ത് നല്‍കും. 

ജിസിഡിഎയുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്‍പോട്ട് പോവാനാണ് കെസിഎയുടെ തീരുമാനം. കൊച്ചി സ്‌റ്റേഡിയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും, ഐപിഎല്‍ മത്സരങ്ങളും കൊണ്ടുവരാനാണ് കെസിഎയുടെ ശ്രമം. 

കൊച്ചി തന്നെയായിരിക്കും ഹോം ഗ്രൗണ്ട് എന്ന് ബുധനാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കെസിഎയുടെ പ്രതികരണം. കൊച്ചിയില്‍ ക്രിക്കറ്റും, ഫുട്‌ബോളും നടത്തണം എന്നാണ് കെസിഎ ചൂണ്ടിക്കാണിക്കുന്നത്. സ്‌റ്റേഡിയത്തിന്റെ ചുമതലക്കാരായ ജിസിഡിഎക്ക് കെസിഎ ഈ ആഴ്ച തന്നെ കത്ത് നല്‍കും. 

കലൂര്‍ സ്‌റ്റേഡിയുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തെ കരാറാണ് ജിസിഡിഎയുമായി കെസിഎക്കുള്ളത്. ഒരു കോടി രൂപ ഡെപ്പോസിറ്റായി നല്‍കിയിട്ടുമുണ്ട്. ആവശ്യപ്പെടുന്നത് പ്രകാരം ക്രിക്കറ്റ് മത്സരം ഇവിടെ അനുവദിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. 

കെസിഎക്ക് അനുകൂലമാണ് നിലവില്‍ ജിസിഡിഎയുടെ നിലപാട്. എന്നാല്‍ സ്റ്റേഡിയം കെസിഎക്ക് കൂടി വിട്ടുനല്‍കുന്നത് ഫുട്‌ബോള്‍ മത്സരങ്ങളെ ബാധിക്കുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നിലപാട്. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com