ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചെരുപ്പുകുത്തിയും കുടുംബവും പട്ടിണിയില്‍; സഹായഹസ്തവുമായി ഇര്‍ഫാന്‍ പഠാന്‍

'സീസണിന്റെ അവസാനവും അവരെന്നെ സഹായിക്കും. കഴിഞ്ഞ വര്‍ഷം 25000 രൂപ ലഭിച്ചു. ധോനി എനിക്ക് തന്നത് ഉള്‍പ്പെടുത്താതെയാണ് ഇത്'
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചെരുപ്പുകുത്തിയും കുടുംബവും പട്ടിണിയില്‍; സഹായഹസ്തവുമായി ഇര്‍ഫാന്‍ പഠാന്‍

വഡോദര: കോവിഡ് 19നെ തുടര്‍ന്ന് ലോകത്ത് പട്ടിണിയിലേക്ക് വീണവര്‍ അനവധിയാണ്. അങ്ങനെ പ്രയാസം അനുഭവിക്കുന്ന ഒരാള്‍ക്ക് നേരെ സഹായ ഹസ്തം നീട്ടി കയ്യടി നേടുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

കഴിഞ്ഞ 12 വര്‍ഷമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന ആര്‍ ഭാസ്‌കരന്‍ എന്ന വ്യക്തിയെ സഹായിക്കാനാണ് ഇര്‍ഫാന്‍ പഠാന്‍ മുന്‍പോട്ട് വന്നത്. 25000 രൂപയാണ് ഭാസ്‌കരന് പഠാന്‍ നല്‍കിയത്.

ഐപിഎല്‍ നീളുന്നതോടെ അതില്‍ നിന്നുള്ള വരുമാനം അദ്ദേഹത്തിന് നഷ്ടപ്പെടുകയായിരുന്നു. കളിയുള്ള ദിവസങ്ങളില്‍ കളിക്കാരുടേയും, മാച്ച് ഒഫിഷ്യലുകളുടേയും ഇടത്തിന് പുറത്ത് ചെറിയൊരു ഇടത്തിലിരുന്നാണ് അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ജോലി ചെയ്തിരുന്നത്.

ഇങ്ങനെയൊരു സഹായം ചെയ്യാന്‍ തയ്യാറായ ഇര്‍ഫാന്‍ പഠാനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക അഭിനന്ദിക്കുന്നു. ഇതുപോലെ മഹാമനസ്‌കത നമ്മള്‍ എല്ലാവരില്‍ നിന്ന് വരണമെന്ന് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു.

ഭാസ്‌കരന്റെ പ്രയാസത്തെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഇര്‍ഫാന്‍ പഠാന്‍ സഹായിക്കാനായി മുന്‍പോട്ട് വന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓരോ മത്സരത്തിനും എനിക്ക് 1000 രൂപ വെച്ച് ലഭിച്ചിരുന്നു, ഭാസ്‌കരന്‍ പറയുന്നു.

അവര്‍ എന്റെ കാര്യങ്ങള്‍ നോക്കി. സീസണിന്റെ അവസാനവും അവരെന്നെ സഹായിക്കും. കഴിഞ്ഞ വര്‍ഷം 25000 രൂപ ലഭിച്ചു. ധോനി എനിക്ക് തന്നത് ഉള്‍പ്പെടുത്താതെയാണ് ഇത്. കഴിഞ്ഞ ആഴ്ച ഇര്‍ഫാന്‍ പഠാന്‍ എനിക്ക് 25000 രൂപ തന്നു. വീട്ടിലെ സാധനങ്ങള്‍ വാങ്ങാനും, കടം തിരിച്ചടക്കാനും ഞാനിത് ഉപയോഗിച്ചു. എന്നാല്‍ ക്രിക്കറ്റ് ഉടന്‍ തിരിച്ചു വന്നില്ലെങ്കില്‍ എനിക്ക് പിടിച്ചു നില്‍ക്കാനാവില്ല, ഭാസ്‌കരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com