ന്യൂകാമ്പിലും വല കുലുക്കി മെസി, കരിയര്‍ ഗോള്‍ 699; ലെഗനസിനെ തകര്‍ത്ത് ലീഡ് ഉയര്‍ത്തി ബാഴ്‌സ

42ാം മിനിറ്റില്‍ അന്‍സു ഫറ്റിയും, 69ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസിയും വല കുലുക്കിയതോടെ ഒന്നാം സ്ഥാനത്ത് ബാഴ്‌സ ലീഡ് ഉയര്‍ത്തി
ന്യൂകാമ്പിലും വല കുലുക്കി മെസി, കരിയര്‍ ഗോള്‍ 699; ലെഗനസിനെ തകര്‍ത്ത് ലീഡ് ഉയര്‍ത്തി ബാഴ്‌സ

ബാഴ്‌സ: ഇടവേളക്ക് ശേഷം ന്യൂകാമ്പിലേക്ക് തിരികെ എത്തിയ കളിയില്‍ ലെഗനെസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ബാഴ്‌സ. 42ാം മിനിറ്റില്‍ അന്‍സു ഫറ്റിയും, 69ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസിയും വല കുലുക്കിയതോടെ ഒന്നാം സ്ഥാനത്ത് ബാഴ്‌സ ലീഡ് ഉയര്‍ത്തി.

99,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്‌റ്റേഡിയത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാര്‍ക്കെതിരെ പതിയെയാണ് മെസിയും കൂട്ടരും തുടങ്ങിയത്. ലെഗനെസിനെതിരായ പെനാല്‍റ്റിയോടെ ലാ ലീഗയിലെ മെസിയുടെ ഗോള്‍ നേട്ടം 21ലേക്ക് എത്തി. മെസിയുടെ 699ാമത്തെ കരിയര്‍ ഗോളുമാണ് ഇത്. 

ആദ്യ പകുതിയിലെ 15 മിനിറ്റില്‍ ഗോള്‍ വല കുലുക്കാനുള്ള സാധ്യതകള്‍ ലെഗനെസിന് മുന്‍പില്‍ തെളിഞ്ഞിരുന്നു. ഒരെണ്ണം ഗോള്‍ ലൈനില്‍ വെച്ചാണ് ഡിഫന്റര്‍ ക്ലമന്റ് ലെന്‍ഗ്ലറ്റ് തട്ടിയകറ്റിയത്. രണ്ടാമത്തേത് പോസ്റ്റില്‍ തട്ടി അകന്നു. പതിയെ തുടങ്ങിയ ബാഴ്‌സ സാവധാനം താളം കണ്ടെത്തുകയും, ഫറ്റിയുടെ ലോ ഷോട്ട് വല കുലുക്കുകയും ചെയ്തു. 

മിഡ്ഫീല്‍ഡില്‍ നിന്ന് പന്തുമായുള്ള മെസിയുടെ ഓട്ടം തടഞ്ഞു നിര്‍ത്താന്‍ പെനാല്‍റ്റി ഏരിയയില്‍ ഫൗള്‍ ചെയ്യുകയല്ലാതെ ലെഗനെസ് താരങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. ഇടംകാലുകൊണ്ട് ഗോള്‍പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ച് ലീഗ് ടോപ് സ്‌കോറര്‍ ചാര്‍ട്ടില്‍ കരിം ബെന്‍സമയുമായുള്ള ഗോള്‍ വ്യത്യാസം മെസി ഏഴിലേക്ക് എത്തിച്ചു. 

രണ്ടാം സ്ഥാനത്തുള്ള റയലുമായി ബാഴ്‌സയ്ക്ക് ഇപ്പോള്‍ അഞ്ച് പോയിന്റ് വ്യത്യാസമാണ് ഉള്ളത്. ഒന്നാമതുള്ള ബാഴ്‌സയ്ക്ക് 64 പോയിന്റും റയലിന് 59 പോയിന്റും. ശനിയാഴ്ച സെവിയക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. 

ലാ ലീഗയിലെ ഇടവേളക്ക് ശേഷമുള്ള ബാഴ്‌സയുടെ ആദ്യ മത്സരത്തില്‍ മയോര്‍ക്കക്കെതിരേയും മെസി ഗോള്‍ വല കുലുക്കിയിരുന്നു. ഇതിന് മുന്‍പ് ന്യൂകാമ്പില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ബാഴ്‌സ കളിച്ചത് 2017ലാണ്. അന്ന് കാറ്റലോണിയയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടന്നത്. 

അടച്ചിട്ട സ്‌റ്റേഡിയത്തായിരുന്നുന മത്സരം എങ്കിലും ആരാധകരുടെ വീഡിയോകള്‍ സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ കാണിച്ചു. കോവിഡ് ജീവനെടുത്തവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ന്യൂകാമ്പില്‍ കളി ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com