ബാഴ്സലോണയെ പിന്തള്ളി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്; ലാ ലിഗയിൽ കിരീട പോരാട്ടം ഇഞ്ചോടിഞ്ച്; റെക്കോർഡിട്ട് റാമോസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd June 2020 10:37 AM |
Last Updated: 22nd June 2020 10:37 AM | A+A A- |

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കിരീട പോരാട്ടം മുറുകി. ബാഴ്സലോണയെ ലീഗിന്റെ തലപ്പത്ത് നിന്ന് മാറ്റി റയൽ മാഡ്രിഡ് സ്പെയിനിൽ ഒന്നാമത് എത്തി. ഇന്ന് റയൽ സോസിഡാഡിനെതിരായ മത്സരവും റയൽ മാഡ്രിഡ് വിജയിച്ചു. എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഫുട്ബോൾ പുനരാരംഭിച്ചതിനു ശേഷമുള്ള റയലിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 30 മത്സരങ്ങളിൽ നിന്ന് 65 പോയിന്റായി. ബാഴ്സലോണക്കും 65 പോയിന്റാണ് ഉള്ളത്. എന്നാൽ ഹെഡ് ടു ഹെഡ് മികവ് റയലിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. ഇനിയുള്ള മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാണ്. കഴിഞ്ഞ ദിവസം ബാഴ്സലോണയെ സെവിയ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. ഇതാണ് കറ്റാലൻ പടയ്ക്ക് തിരിച്ചടിയായി മാറിയത്.
സോസിഡാഡിനെതിരായ എവേ പോരാട്ടത്തിൽ ക്യാപ്റ്റൻ സെർജിയോ റാമോസും ഉജ്ജ്വല ഫോമിൽ കളിക്കുന്ന ഫ്രഞ്ച് താരം കരിം ബെൻസമയുമാണ് റയലിനായി വല ചലിപ്പിച്ചത്. ഗോൾ ഇല്ലാത്ത ആദ്യ പകുതിക്ക് ശേഷം 50ാം മിനുട്ടിൽ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. പെനാൽറ്റിയിലൂടെ റാമോസ് ആണ് റയലിനെ മുന്നിൽ എത്തിച്ചത്.
പിന്നാലെ 70ാം മിനുട്ടിൽ ബെൻസമ റയലിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഇതിനിടയിൽ സോസിഡാഡ് നേടിയ ഒരു ഗോൾ വാർ ഓഫ്സൈഡ് വിധിച്ചത് വിവാദമായി. പിന്നീട് മെറീനോ സോസിഡാഡിന് വേണ്ടി ഗോൾ നേടിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
വിജയത്തിനൊപ്പം ക്യാപ്റ്റൻ സെർജിയോ റാമോസ് ലാ ലിഗയിൽ ഒരു റെക്കോർഡിനും അർഹനായി. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പ്രതിരോധ താരമെന്ന നേട്ടം ഇനി റാമോസിന് സ്വന്തം. റൊണാൾഡ് കോമാന്റെ 67 ഗോളുകൾ എന്ന റെക്കോർഡാണ് റാമോസ് സ്വന്തം പേരിലാക്കിയത്. സോസിഡാഡിനെതിരെ 68ാം ഗോളാണ് താരം കുറിച്ചത്.