'ശ്രീശാന്ത് രണ്ടും കല്‍പ്പിച്ചാണ്'- പരിശീലിപ്പിക്കാന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്റെ കോച്ചും

ശ്രീശാന്ത് രണ്ടും കല്‍പ്പിച്ചാണ്; പരിശീലിപ്പിക്കാന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്റെ കോച്ചും
'ശ്രീശാന്ത് രണ്ടും കല്‍പ്പിച്ചാണ്'- പരിശീലിപ്പിക്കാന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്റെ കോച്ചും


കൊച്ചി: ഏഴ് വര്‍ഷത്തെ ബിസിസിഐ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന മലയാളി താരം എസ് ശ്രീശാന്ത് രണ്ടും കല്‍പ്പിച്ചാണ്. കേരളത്തിനായി രഞ്ജി കളിക്കാനുള്ള അവസരം ശ്രീശാന്തിന് ഇപ്പോള്‍ തന്നെ തുറന്നു കിട്ടിയിട്ടുണ്ട്. ഐപിഎല്ലിലും തന്റെ സാന്നിധ്യം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് താരം. ഇന്ത്യക്കായി വീണ്ടും കളിക്കാനിറങ്ങാമെന്ന വിശ്വാസവും മലയാളി താരത്തിനുണ്ട്. കഠിന പരിശീലനത്തിലാണ് താരമിപ്പോള്‍. 

ഇപ്പോഴിതാ പരിശീലനത്തിന് ശ്രീശാന്തിനെ സഹായിക്കാന്‍ എത്തുകയാണ് സാക്ഷാല്‍ ടിം ഗ്രോവര്‍. ബാസ്‌ക്കറ്റ്ബാള്‍ ഇതിഹാസങ്ങളായ മൈക്കിള്‍ ജോര്‍ദാനെയും കോബി ബ്രയാന്റിനെയും പരിശീലിപ്പിച്ച ടിം ഗ്രോവര്‍ മലയാളി താരം ശ്രീശാന്തിനും പാഠങ്ങള്‍ ചൊല്ലി കൊടുക്കും.

എന്‍ബിഎയിലെ ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ ട്രെയിനിങ് കോച്ചാണ് ടിം ഗ്രോവര്‍. ഓണ്‍ലൈന്‍ വഴിയാണ് ടിം ഗ്രോവര്‍ ശ്രീശാന്തിനെ പരിശീലിപ്പിക്കുന്നത്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഗ്രോവറിന്റെ ക്ലാസെന്ന് ശ്രീശാന്ത് വ്യക്തമാക്കി.   

നിലവില്‍ ആഴ്ചയില്‍ രാവിലെ 5.30 മുതല്‍ 8.30 വരെ താന്‍ ടിം ഗ്രോവറിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്നും തുടര്‍ന്ന് ഉച്ചക്ക് 1.30 മുതല്‍ ആറ് വരെ എറണാകുളത്തെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ കേരള ടീമിന്റെ അണ്ടര്‍ 23 താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ടെന്നും ശ്രീശാന്ത് അറിയിച്ചു. പരിശീലനത്തിന് മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും പങ്കെടുക്കാറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

താന്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ 2021ലെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും 37കാരനായ ശ്രീശാന്ത് പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചില ടീമുകള്‍ക്ക് തന്നെ സ്വന്തമാക്കാന്‍ ആഗ്രഹം ഉണ്ടാവുമെന്നും തന്നെ പുറത്താക്കിയ ഐപിഎല്ലില്‍ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. ആഴ്ചയിലെ ആറ് ദിവസവും താന്‍ മൂന്ന് മണിക്കൂര്‍ വീതം ബൗളിങ് പരിശീലനം നടത്തുന്നുണ്ട്. രണ്ട് മണിക്കൂര്‍ ചുവന്ന പന്ത് കൊണ്ടും ഒരു മണിക്കൂര്‍ വെള്ള പന്ത് കൊണ്ടുമാണ് പരിശീലനം നടത്തുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com