ഏഴ് പാക് ക്രിക്കറ്റ് താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ 10 പേർ രോ​ഗബാധിതർ

By സമകാലിക മലയാളം ഡെസ്‌  |   Published: 23rd June 2020 09:20 PM  |  

Last Updated: 23rd June 2020 09:20 PM  |   A+A-   |  

pak

 

ഇസ്ലാമാബാദ്: ഏഴ് പാക് ക്രിക്കറ്റ് താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ എന്നിവർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡ്  സ്ഥിരീകരിച്ചത്.

നേരത്തെ മൂന്നു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവെന്ന് കണ്ടെത്തിയത്. ഇതോടെ പാക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങൾക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. പത്ത് പേരോടും ഐസലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇവരുമായി സമ്പർക്കമുണ്ടായവരോടും ഐസലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. രോ​ഗം സ്ഥിരീകരിച്ച താരങ്ങളിലാർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനായി ലാഹോറിൽ നിന്ന് ഈ മാസം 28-ന് മാഞ്ചസ്റ്ററിലേക്ക് വിമാനം കയറാൻ ഒരുങ്ങിയിരിക്കുകയാണ് പാക്ക് ക്രിക്കറ്റ് ടീം. ഇതിന് മുന്നോടിയായാണ് താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത് മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. അതേസമയം താരങ്ങൾക്ക് രോ​ഗബാധ കണ്ടെത്തിയതോടെ ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിലാണ്.