ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനാണു ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ നാലു പാദങ്ങളിലായി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചു.  സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടെന്നിസ് ടൂര്‍ണമെന്റില്‍ കളിച്ച മൂന്നാമത്തെ താരത്തിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ടെന്നിസ് ലോകത്ത് പരിഭ്രാന്തി പരന്നിരുന്നു. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, അദ്ദേഹത്തിനെതിരെ കളിച്ച ക്രൊയേഷ്യയുടെ ബോര്‍ന കൊറിച്ച് എന്നിവര്‍ക്കു പിന്നാലെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ജോക്കോവിച്ചിന്റെ നാട്ടുകാരന്‍ കൂടിയായ വിക്ടര്‍ ട്രോയിസ്‌കിക്കും ഇപ്പോള്‍ ജോക്കോവിച്ചിനുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

ടൂര്‍ണമെന്റ് നടത്താന്‍ നേതൃത്വം നല്‍കിയ ജോക്കോവിച്ചിനെതിരെ വിമര്‍ശനം രൂക്ഷമായി. മികച്ച രണ്ട് താരങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചതെന്നും ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ച ജോക്കോവിച്ച് ഉത്തരവാദിത്തം ഏല്‍ക്കണമെന്നും ബ്രിട്ടീഷ് താരം ബ്രിട്ടന്‍ ഡാന്‍ ഇവാന്‍സ് ആവശ്യപ്പെട്ടു. വിമര്‍ശനവുമായി ഓസീസ് താരം നിക് കിര്‍ഗിയോസും രംഗത്തുണ്ട്. രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ടൂര്‍ണമെന്റ് ഉപേക്ഷിച്ചിരുന്നു. ബെല്‍ഗ്രേഡിലും സദറിലുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനാണു ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ നാലു പാദങ്ങളിലായി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആദ്യ പാദത്തില്‍ ഡൊമിനിക് തീയെം ജേതാവായി. ക്രൊയേഷ്യ വേദിയായ 2–ാം പാദത്തിനിടെ കഴിഞ്ഞ ദിവസമാണു ദിമിത്രോവിനു രോഗം പിടിപെട്ടത്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ശാരീരിക അകലം പാലിക്കാതെ മത്സരങ്ങള്‍ നടത്തിയതും കാണികളെ പ്രവേശിപ്പിച്ചതും വിവാദമായി. ടൂര്‍ണമെന്റില്‍ കളിച്ച മൂന്നാമനും കോവിഡ് സ്ഥിരീകരിച്ചതോടെ ജോക്കോവിച്ചും പരിശോധനയ്ക്ക് വിധേയനായതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ച നൊവാക് ജോക്കോവിച്ചിനെതിരെ മുന്‍ താരങ്ങളും ആരാധകരും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com